തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശബരിമല സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ കഴിഞ്ഞ ദിവസം രാത്രിയോടെ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ഭക്ഷണത്തിനായി എഴുന്നേറ്റപ്പോഴാണ് ആരോഗ്യപ്രശ്നമുള്ള വിവരം അദ്ദേഹം പോലീസിനോട് പറയുന്നത്. ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജയിൽ വകുപ്പ് പുറത്ത് നിന്ന് ഡോക്ടറെ എത്തിച്ച് തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നു.

ഒരു മണിക്കൂറിന് ശേഷം വീണ്ടും ആരോഗ്യപ്രശ്നമുണ്ടെന്നും ഡോക്ടറെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെ എത്തിച്ചു. തലകറക്കമുണ്ടെന്നും ദേഹം തളരുന്നതായും പരിശോധിച്ച ഡോക്ടറോട് അദ്ദേഹം വിവരിച്ചു. തുടർന്ന് ഇസിജി എടുക്കുകയും പ്രാഥമിക ചികിത്സയും നൽകി. വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മെഡിക്കൽ കോളേജിലെ പരിശോധനയിൽ രക്ത സമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടെത്തി. തുടർന്ന് നിരീക്ഷണത്തിനുവേണ്ടി ഐസിയുൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർനടപടി ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News