മുംബൈ:സെലിബ്രിറ്റികളാൽ സമ്പന്നമായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. തമിഴ് ബോളിവുഡ്, ഹോളിവുഡ് താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ അമാല്‍ സൂഫിയയ്‌ക്കൊപ്പം ആണ് ദുൽഖർ ഉദ്ഘാടനത്തിന് എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിക്കുകയാണ് ദുൽഖർ.
ഉദ്ഘാടന വേദിയിലെ ഫോട്ടോകൾക്ക് ഒപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്.
ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, പെനലോപ് ക്രൂസ്, ജിജി ഹദിദ്, എമ്മ ചേംബര്‍ലെയ്ന്‍ എന്നിവരും ചടങ്ങിന്റെ പങ്കെടുത്തു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്‍, കജോള്‍, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍
മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, സാനിയ മിര്‍സ എന്നിവരും പരിപാടിയിൽ നിറ സാന്നിധ്യമായി.
സംഗീതം, നാടകം, ഫൈൻ ആർട്‌സ്, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും അത് ആസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും.
നിതാ മുകേഷ് അംബാനി കൾച്ചറൽ സെൻറർ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റർ ഷോകൾക്കൊപ്പം ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷൻ അവതരിപ്പിച്ചിരുന്നു – ‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയേറ്റർ; ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും ‘സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയും അരങ്ങേറി.
“ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെൻറർ”- ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു.
കുട്ടികൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ പ്രവേശനം നൽകുന്ന കേന്ദ്രം ഭിന്നശേഷിക്കാരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ്. സ്‌കൂൾ, കോളേജ് ഔട്ട് റീച്ചുകൾ ഉൾപ്പെടെയുള്ള പരിപോഷണ പരിപാടികൾ, കലാ അധ്യാപകർക്കുള്ള അവാർഡുകൾ, ഇൻ-റെസിഡൻസി ഗുരു-ശിഷ്യ പ്രോഗ്രാമുകൾ, മുതിർന്നവർക്കുള്ള കലാ സാക്ഷരതാ പരിപാടികൾ മുതലായവ കൂടി ലോഞ്ച് പ്രോഗ്രാമിംഗിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. nnmacc.com എന്ന വെബ്സൈറ്റിലൂടെയും ബുക്ക് മൈ ഷോ സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.