തിരഞ്ഞെടുപ്പ് ഇനിയുംവരും, ‘വെൽഫയർ’ ബന്ധംവഴി യു.ഡി.എഫ്‌ സ്വയം കുഴികുഴിക്കുന്നു; വിമർശനവുമായി താമരശ്ശേരി രൂപത

മലപ്പുറം:: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേര്‍ക്കുള്ള തുറന്ന വെല്ലുവിളിയാണെന്ന് താമരശ്ശേരി രൂപത കാത്തോലിക്ക കോണ്‍ഗ്രസ്. വോട്ടിനുവേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന ഇത്തരം തന്ത്രങ്ങള്‍ ജനാധിപത്യ സംസ്‌കാരത്തിന് അപമാനമാണെന്നും കാത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

അന്താരാഷ്ട്രതലത്തില്‍ തീവ്രമതരാഷ്ട്ര ആദര്‍ശവും അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഇന്ത്യയിലെ രാഷ്ട്രീയരൂപവുമായി ചേര്‍ന്ന് വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയം കളിക്കുന്നതിലൂടെ മതേതരത്വം, പൊതുനന്മ, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ ബലികൊടുക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

ഇടതുപക്ഷത്തിന്റെ പിഡിപി ബാന്ധവത്തിന്റെ പേരില്‍ യുഡിഎഫിന്റെ വെല്‍ഫെയര്‍ സഖ്യത്തെ വെള്ളപൂശുന്നതുവഴി ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയാണ്. ഒരുകാലത്ത് മതേതരത്വത്തിന്റെ മുഖമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, താത്കാലിക രാഷ്ട്രീയ നേട്ടത്തിനായി തത്വാധിഷ്ഠിതമായ എല്ലാ മൂല്യങ്ങളും കൈവിടുന്നത് അവസരവാദ രാഷ്ട്രീയത്തിന് തെളിവാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് വോട്ട് നേടാനുള്ള തന്ത്രം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.

ഒരു വശത്ത് മതവര്‍ഗീയതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും മറുവശത്ത് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുന്നണികളുടെ സമീപനം രാഷ്ട്രീയ ആത്മഹത്യയാണ്. നിലമ്പൂരില്‍ മാത്രമല്ല തിരഞ്ഞെടുപ്പുള്ളത്, വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ ഈ തീവ്രവാദ പ്രീണനരാഷ്ട്രീയത്തിന് ചുട്ടമറുപടി നല്‍കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യത്തില്‍ വോട്ട് പ്രധാനമാണ്. എന്നാല്‍, വോട്ടിനുവേണ്ടി ആത്മാഭിമാനവും മതേതരമൂല്യങ്ങളും ബലികഴിക്കുന്ന അവസ്ഥ ഒരു പാര്‍ട്ടിക്കും ഗുണംചെയ്യില്ല. കോണ്‍ഗ്രസ് മുന്നണിയും ഇടതുപക്ഷമുന്നണിയും ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്തിരിയണം. മതേതരത്വത്തിന്റെ മുഖംമൂടിയിട്ട് മതമൗലികവാദികളുടെ കൈപിടിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടേണ്ടത് നിലമ്പൂരിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News