കോട്ടയം: തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ (മാത്തൻ– 44) കൊലപ്പെടുത്തി കെട്ടിടത്തിന് താഴെ കുഴിച്ചുമൂടിയെന്ന പ്രമാദമായ കേസിൽ പ്രതി ടിവിപുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടിൽ വി. അനീഷിനെ (48) കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എം. മനോജ് പ്രതിയെ വിട്ടയക്കാൻ ഉത്തരവിട്ടത്.
2008 നവംബർ 25-ന് രാത്രി 10 മണിക്ക് ശേഷമാണ് മാത്യുവിനെ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് അനീഷ് കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസ് കേസ്. കൊലപാതകത്തിന് ശേഷം താൻ നടത്തിയിരുന്ന കടമുറിയുടെ പിൻഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയും, പിന്നീട് അവിടെ പുതിയ കെട്ടിടം നിർമിച്ച് തെളിവുകൾ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കുറ്റപത്രം. സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം’ തിയേറ്ററുകളിൽ എത്തുന്നതിന് 5 വർഷങ്ങൾക്കു മുൻപാണ് ഈ ക്രൂരകൃത്യം നടന്നതെങ്കിലും, മൃതദേഹം കുഴിച്ചുമൂടിയതിന് മുകളിൽ കെട്ടിടം പണിതു എന്ന സാമ്യത കാരണം പിന്നീട് ഈ സംഭവം ‘ദൃശ്യം മോഡൽ കൊലപാതകം’ എന്ന പേരിലാണ് കേരളത്തിലുടനീളം അറിയപ്പെട്ടത്.
2008-ൽ നടന്ന ഈ അരുംകൊലയെക്കുറിച്ച് നാട്ടുകാർക്കോ പോലീസിനോ 8 വർഷത്തോളം യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. മാത്യുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയായിരുന്നു. എന്നാൽ 2016-ൽ മറ്റൊരു വ്യാജനോട്ട് കേസിൽ ഗുജറാത്ത് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി അനീഷ്, അവിടെയുള്ള തന്റെ സഹതടവുകാരനോട് മദ്യലഹരിയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സഹതടവുകാരൻ ഈ വിവരം പോലീസിന് കൈമാറിയതോടെ 2016 ഡിസംബർ 12-ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് പ്രതി നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കടുത്ത വെല്ലുവിളികൾ അതിജീവിച്ച് തലയോലപ്പറമ്പിലെ കടമുറിയുടെ തറ പൊളിച്ച് പോലീസ് വലിയ രീതിയിൽ പരിശോധന നടത്തി. പരിശോധനയിൽ മണ്ണിൽ നിന്നും മാത്യുവിന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ ഡിഎൻഎ (DNA) പരിശോധനയിൽ കണ്ടെടുത്ത അസ്ഥികൾ കാണാതായ മാത്യുവിന്റേത് തന്നെയാണെന്ന് സംസ്ഥാന ഫോറൻസിക് ലാബ് സ്ഥിരീകരിച്ചിരുന്നു.
ഇത്രയും ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും, സാഹചര്യ തെളിവുകളുടെ കൃത്യമായ കോർത്തിണക്കലിലോ സാക്ഷിമൊഴികളിലോ ഉണ്ടായ പോരായ്മകൾ കാരണമാണ് പ്രതിയെ ശിക്ഷിക്കാൻ തക്കവണ്ണമുള്ള കുറ്റം കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ പോയത്. കേസിൽ പ്രതിഭാഗത്തിനായി പ്രമുഖ ക്രിമിനൽ അഭിഭാഷകരായ സിബി ചേനപ്പാടി, അനു ജോർജ്, എയ്ബെൽ മാത്യു സിബി, എലാന റോസ് സിബി എന്നിവർ കോടതിയിൽ ഹാജരായി.
English Summary
The Kottayam Principal Sessions Court has acquitted V. Aneesh (48), the prime accused in the sensational Thalayolaparambu Mathew murder case, often dubbed as the real-life ‘Drishyam’ model murder. The court, led by Judge M. Manoj, stated that the prosecution failed to prove the guilt beyond reasonable doubt. The crime took place in November 2008, where Mathew (44) was allegedly killed and buried under a shop, over which a building was later constructed. The mystery unraveled eight years later in 2016 when Aneesh confessed to a cellmate in a Gujarat jail. Although human bones were exhumed and DNA tests confirmed them to be Mathew’s, the lack of conclusive evidence led to the acquittal.


