മുംബൈ: ശിവസേനയിലെ ഭിന്നത താഴെത്തട്ടിലേക്കും. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ 67 സേനാംഗങ്ങളിൽ 66 പേരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ചേർന്നു. ഒരംഗം മാത്രമാണ് ഉദ്ധവ് താക്കറെയെ തുണച്ചത്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉദ്ധവ് താക്കറെക്ക് കോർപ്പറേഷനിലുള്ള ആധിപത്യം നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി.
ഭൂരിപക്ഷം ശിവസേന എംഎൽഎമാരും ഷിൻഡെയെ പിന്തുണച്ചതോടെ മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താക്കറെക്ക് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് താനെയിലെ തിരിച്ചതി. ഷിൻഡെയുടെ ശക്തികേന്ദ്രമാണ് താനെ. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കഴിഞ്ഞാൽ മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് തദ്ദേശ സ്ഥാപനമാണ് താനെ കോർപ്പറേഷൻ.
താനെ മുനിസിപ്പൽ കോർപ്പറേഷൻ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പ് വൈകുകയാണ്. 66 പേരും ഷിൻഡെയെ പിന്തുണച്ചതോടെ ഭരണം ഷിൻഡെ പക്ഷം സുഗമമായി പിടിച്ചെടുക്കും.
ബാൽ താക്കറെയുടെ ശിവസേന തങ്ങളുടേതാണെന്ന് ഷിൻഡേയുട വാദം. പാർട്ടിയുടെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ തങ്ങളാണ് യഥാർത്ഥ സേനയെന്ന് ഷിൻഡെ വിഭാഗം പറയുന്നു. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ സേനയുടെ 55 എംഎൽഎമാരിൽ 40 പേരും ഷിൻഡെ വിഭാഗത്തിനൊപ്പം നിന്നു.
അതേസമയം, പാർട്ടിയുടെ നിയന്ത്രണം ലഭിക്കുന്നതിന് താഴെത്തട്ടിൽ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്. പാർട്ടി കേഡർമാർ, പ്രാദേശിക നേതാക്കൾ, കോർപ്പറേറ്റർമാർ എന്നിവരിൽ നിന്ന് പിന്തുണ അത്യാവശ്യമാണ്. പാർട്ടി ഔദ്യോഗികമായി പിളർന്നാൽ, പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ആർക്കെന്ന കാര്യത്തിൽ തർക്കമുയരും.