ദുബായ്: ഓസ്ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിനും ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനും ശേഷമുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് നില പുറത്തുവിട്ട് ഐസിസി. ഗാബയില്‍ വിന്‍ഡീസിനോട് എട്ട് റണ്‍സിന് തോറ്റെങ്കിലും ഓസ്ട്രേലിയ പട്ടികയില്‍ ഒന്നാമത് തുടരുകയാണ്. ഇതേസമയം ഹൈദരാബാദില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 28 റണ്‍സിന് തോറ്റ ടീം ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുതുക്കിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടിക പ്രകാരം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഓസീസിന് 55.00 ഉം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്ക് 50.00 പോയിന്‍റ് ശരാശരിയുമാണുള്ളത്. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് 43.33 പോയിന്‍റ് ശരാശരി മാത്രമേയുള്ളൂ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25ല്‍ ഇതുവരെ ഇറങ്ങിയ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമേ ഇന്ത്യക്കുള്ളൂ. ഗാബയില്‍ ഓസ്ട്രേലിയയെ എട്ട് റണ്‍സിന് മലര്‍ത്തിയടിച്ച വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനും (36.66) പിന്നിലായി 33.33 പോയിന്‍റ് ശരാശരിയുമായി ഏഴാം സ്ഥാനത്താണ്.
ഗാബ ടെസ്റ്റോടെ രണ്ട് മത്സരങ്ങളുടെ ഓസീസ്- വിന്‍ഡീസ് പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പിച്ചെങ്കിലും 29.16 പോയിന്‍റ് ശരാശരി മാത്രമുള്ള ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേയുള്ളൂ.
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ 28 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും സ്വന്തം മൈതാനത്ത് തോറ്റത്. രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202ല്‍ എല്ലാവരും പുറത്താവുകയായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. 39 റണ്‍സെടുത്ത രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്സില്‍ 278 പന്തില്‍ 196 റണ്‍സ് നേടിയ ഓലീ പോപും ഏഴ് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.