സിറിയയിൽ വ്യോമാക്രമണം,പത്ത് പേർ കൊല്ലപ്പെട്ടു
ഇറാൻ-സിറിയ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് ഇറാൻ വംശജർ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേലിലെ ഗൊലാൻ കുന്നുകളിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നും അത് നിക്ഷേപിച്ചത് സിറിയൻ സൈന്യമാണെന്നുമാണ് ഇസ്രയേലിന്റെ വാദം. സിറിയക്കെതിരെ നടപടി സ്വീകരിച്ചതാണെന്ന് ഇസ്രയേൽ സൈനികവക്താവ് ലഫ്. കേണൽ ജൊനാതൻ കോൺറിക്കസ് സ്ഥിരീകരിച്ചു.
ഇസ്രയേൽ യുദ്ധവിമാനങ്ങൾ സിറിയൻ സംഭരണ യൂണിറ്റിനെയും സൈന്യത്തെയുമാണ് ലക്ഷ്യം വച്ചത്. ഡമാസ്‌കസ് അന്താരാ്ഷ്ട്ര വിമാനത്താവളത്തിലുള്ള ആസ്ഥാനം, സിറിയൻ സൈനിക ആസ്ഥാനത്തിലുള്ള കുഡ്‌സ് ഫോഴ്‌സ് ബേസ്, സിറിയൻ സൈനികരുടെ ഒളിത്താവളവുമുൾപ്പെടെ മൂന്ന് ഇറാൻ കമാന്റ് സെന്ററുകളാണ് ആക്രമിക്കപ്പെട്ടത്.