ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു,നിജ്ജറിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി:കാനഡയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജർ പദ്ധതിയിട്ടത്. എന്നാൽ ഇന്ത്യയിലേക്ക് ഇയാൾക്ക് എത്താൻ കഴിഞ്ഞില്ല.
മുമ്പ് 2015 ൽ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇൻറലിജിൻസ് റിപ്പോർട്ടിലുണ്ട്. ഖലിസ്ഥാൻവാദി നേതാവായ നിജ്ജർ കാനഡയിൽ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ൽ പട്യാലയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 4 പേർക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജറിന് പങ്കുണ്ട്. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രമൺദീപ് സിംഗ് നിജ്ജറിന്റെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
നിജ്ജറിനെതിരെ റെഡ് കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതും, പാകിസ്ഥാനില്‍ ആയുധ പരിശീലനം നടത്തിയതടക്കമുള്ള വിവരങ്ങള്‍ കാനഡയെ അറിയിച്ചിട്ടും വിമാനയാത്ര വിലക്കുകയല്ലാതെ മറ്റൊരു നടപടിയും കാനഡ സ്വീകരിച്ചില്ലെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ജലന്ധറിലുള്ള നിജ്ജറിന്‍റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചു. ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടുപോകണമെന്ന പ്രകോപന പ്രസ്താവനയിറക്കിയ സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവൻ ഗുര്‍പത് വന്ത് സിംഗിന്‍റെ ചണ്ഡീഗഡിലുള്ള വീടടക്കം വസ്തുവകകള്‍ കണ്ടുകെട്ടി.
കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം എത്തിച്ചത്.
നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് അമേരിക്ക. കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിക്കിടെ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇരു രാജ്യങ്ങളെയും നിരീക്ഷിക്കുകയാണെന്നും രണ്ട് കൂട്ടരോടും ആശയ വിനിമയം നടത്തുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം വരെ അമേരിക്ക പ്രതികരിച്ചത്. എന്നാല്‍ നിലപാട് കുറച്ചു കൂടി കടുപ്പിച്ച അമേരിക്ക, അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കാനഡ അന്വേഷണം നടത്തുകയാണ്. ആ അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം. ഇത്തരം വിഷയങ്ങളില്‍ കാഴ്ചക്കാരാകാന്‍ കഴിയില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ വ്യക്തമാക്കുന്നു.