ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. ഗുൽമാർഗിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു.
ചുമട്ടുതൊഴിലാളി ആയിരുന്ന ആളാണ് മരണപ്പെട്ടത്. 18 രാഷ്ട്രീയ റൈഫിൾസിന്റേതായിരുന്നു (ആർആർ) വാഹനം.പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർക്കൽ ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
നിയന്ത്രണരേഖയിൽ നിന്ന് (എൽഒസി) അഞ്ച് കിലോമീറ്റർ അകലെയുള്ള ബോട്പത്രിയിൽ നിന്ന് വരികയായിരുന്ന വാഹനമാണ് ഭീകരർ ആക്രമണം നടത്തിയത്. പാകിസ്താന്റെ ബോർഡർ ആക്ഷൻ ടീമിന്റെ (ബിഎടി) ഭാഗമാണ് ഭീകരരെന്ന് കരുതുന്നു.വാഹനം വിദൂരമായ ബോട്ട്പത്രി മേഖലയിൽ എത്തിയപ്പോഴാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.ഭീകരാക്രമണത്തിന് മറുപടിയായി സുരക്ഷാസേന കൗണ്ടർ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഈ വേദനമാറും മുൻപേയാണ് അടുത്ത ഭീകരാക്രമണം.