കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) മറ്റന്നാൾ എത്താനിരിക്കെ ജമ്മു കശ്മീരിൽ (Jammu Kashmir) ഭീകരാക്രമണവും രണ്ടിടത്ത് ഭീകരുമായി ഏറ്റുമുട്ടലും. ജമ്മുവിൽ സിഐഎസ്എഫ് ബസിന് നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
#UPDATE | 1 security force jawan martyred and 4 jawans injured in the encounter. We had cordoned off the area in the night. Encounter still underway (in Sunjwan area of Jammu). Terrorists seem to have hidden in a house: Mukesh Singh, ADGP Jammu Zone pic.twitter.com/sHN7isoyDL
— ANI (@ANI) April 22, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
കശ്മീരിലെ ബാരാമുള്ളയില്‍ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചുകൊന്ന സാഹചര്യവുമുണ്ടായിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സർപഞ്ചായ മന്‍സൂര്‍ അഹമ്മദ് ബാന്‍ഗ്രു ആണ് കൊല്ലപ്പെട്ടത്. 2011 ന് ശേഷം ഭീകരര്‍ കൊലപ്പെടുത്തുന്ന ഇരുപത്തിയൊന്നാമത്തെ പഞ്ചായത്ത് അംഗമാണ് ബാന്‍ഗ്രു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്തത് ഹൃദയഭേദകമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ളയടക്കം പ്രതികരിച്ചത്.