കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പോലീസ് സ്‌റ്റേഷനു സമീപമുള്ള പോലീസ് മേധാവിയുടെ ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ പത്തോളം പേര്‍ ഓഫീസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റ ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴു പത്തോടെയാണ് ആക്രമണമുണ്ടായത്. പോലീസ് വേഷത്തിലെത്തിയ ആക്രമികള്‍ ഓഫീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പ്രദേശവാസിയും ഒരു പോലീസുകാരനുമാണ് മരിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പോലീസും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
എത്രപേര്‍ കെട്ടിടത്തിനുള്ളിലുണ്ട് എന്ന് വ്യക്തമല്ല. കെട്ടിടത്തിന്റെ ഒന്നാം നില തീവ്രവാദികളില്‍ നിന്ന് മുക്തമാക്കി പോലീസ് നിയന്ത്രണത്തിലുണ്ട്. മുകള്‍ നിലയിലാണ് തീവ്രവാദികള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചാവേര്‍ ആക്രമണത്തിന്റെ സാധ്യത കാണുന്നുണ്ട്.
പോലീസ് ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശം ഭീകരാക്രമണ ഭീഷണിയിലാണ്. രണ്ടാഴ്ച മുമ്പാണ് എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ട ഒരു ചാവേറാക്രമണം പെഷാവറിലുണ്ടായത്.