വൻതോതിൽ കഞ്ചാവ് വിൽപ്പന: ക്ഷേത്ര പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ പോലീസ് പിടികൂടി. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്‌സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയിലാണ് പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖ് അറസ്റ്റിലായത്. ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ കൈവശം 1. 100 കിലോഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് വൈശാഖിനെ പോലീസ് പിടികൂടിയത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ കുറച്ച് നാളുകളായി എക്‌സൈസ് ഷാഡോ സംഘം സ്ഥലം നിരീക്ഷിച്ച് വരികയായിരുന്നു. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്നും എക്‌സൈസ് വ്യക്തമാക്കുന്നു.

കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്‌സൈസ് സംഘം സംശയിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News