ഹൈദരാബാദ്:കൊവിഡ് കാലം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം (Film Industry). ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ഖ്യാതി നഷ്ടപ്പെട്ട കാലത്ത് ആ സ്ഥാനത്തേക്ക് കുതിച്ചത് തെലുങ്ക് സിനിമയായിരുന്നു (Tollywood). എന്നാല്‍ അവിടെയും കാര്യങ്ങള്‍ ശുഭകരമല്ലെന്നാണ് പുതിയ വിവരം. കൊവിഡ് കാലത്തിനു ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് സിനിമയിലെ താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് സൂചന. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍.
ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് (Active Telugu Film Producers Guild) എന്ന സംഘടന വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഫലപ്രദമായ വഴികള്‍ കണ്ടെത്തുംവരെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
നിരവധി വന്‍ പ്രോജക്റ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഈ തീരുമാനം ബാധിക്കും. പ്രഭാസിന്‍റെ പ്രോജക്റ്റ് കെ, അഖില്‍ അക്കിനേനി- മമ്മൂട്ടി ചിത്രം ഏജന്‍റ്, സാമന്ത റൂത്ത് പ്രഭു നായികയാവുന്ന യശോദ, ബോബി- ചിരഞ്ജീവി ചിത്രം, വംശി പൈഡിപ്പള്ളി- വിജയ് ചിത്രം, ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദര്‍, ശങ്കര്‍- രാം ചരണ്‍, അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം പുഷ്‍പ: ദ് റൂള്‍ എന്നിവയുടെയൊക്കെ ചിത്രീകരണം മുടങ്ങും.