മുംബൈ: ചാനല്‍ റേറ്റിംഗില്‍ കൃത്രിമത്വം നടത്തിയതിന് റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്ക് എതിരെ അന്വേഷണം. മുംബൈ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പേര്‍ അറസ്റ്റിലായതായും മുംബൈ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിങ് അറിയിച്ചു. റിപ്പബ്ലിക് ടിവി അധികൃതരെ ഇന്നോ നാളെയോ വിളിച്ചു വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോപണ വിധേയരായ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. പരസ്യങ്ങളില്‍ നിന്നല്ലാതെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനമാണോ ഇതെന്നായിരിക്കും പരിശോധിക്കുക.
കുറ്റം തെളിഞ്ഞാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. റേറ്റിംഗില്‍ തട്ടിപ്പ് കാട്ടുകയും അനധികൃതമായി പരസ്യവരുമാനം നേടുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇത് വഞ്ചനാക്കുറ്റമാണെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.