ഹൈദരാബാദ്: കര്‍ഷക സമരത്തിനിടെ (Farmers protest) മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍Telangana Government). കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടന്ന ഒരു വര്‍ഷം നീണ്ട സമരത്തില്‍ 750ഓളം കര്‍ഷകരാണ് മരിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു (CM KCR) കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി 22.5 കോടി രൂപയാണ് തെലങ്കാന സര്‍ക്കാറിന് ചെലവാകുക. മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തെലങ്കാന സര്‍ക്കാറിന് നല്‍കാന്‍ സംഘടനാ നേതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും നിലവിലെ വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെലങ്കാന സംസ്ഥാന സര്‍ക്കാറിന്റെ പ്രമേയ പ്രകാരം ജാതി സെന്‍സസ് കേന്ദ്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്‍ഷിക സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ആവശ്യപ്പെട്ടത്. സമരത്തില്‍ ജീവന്‍ പൊലിഞ്ഞ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു.