NationalNews

ലക്ഷ്യം ചാക്കിട്ട് പിടുത്തം തടയൽ,ഡികെ ശിവകുമാർ ഹൈദരാബാദിൽ

ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. ദക്ഷിണേന്ത്യയില്‍ വോട്ടെടുപ്പ് നടന്നത് തെലങ്കാനയില്‍ മാത്രമാണ്. കര്‍ണാടക മോഡല്‍ ആവര്‍ത്തിക്കാനുള്ള എല്ലാ ശ്രമവും കോണ്‍ഗ്രസ് നടത്തിയിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ ഹൈദരാബാദിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിയാണ് ബിആര്‍എസ് അധികാരത്തിലെത്തിയത്. 19 സീറ്റ് നേടിയ കോണ്‍ഗ്രസില്‍ നിന്ന് 12 പേര്‍ ബിആര്‍എസിന് ഒപ്പം ചേര്‍ന്നു. ഇതോടെ ബിആര്‍എസ് ശക്തി സെഞ്ച്വറി അടിച്ചു. ഇത്തവണയും ബിആര്‍എസ് ചാക്കിടാന്‍ ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് മുന്നേറുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്ന ശേഷമാണ് ബിആര്‍എസ് കരുനീക്കം തുടങ്ങിയിരിക്കുന്നതത്രെ.

ബിആര്‍എസിന്റെ തന്ത്രങ്ങള്‍ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ ചാണക്യനായ ഡികെ ശിവകുമാറിനെ ഹൈദരാബാദിലേക്ക് ഹൈക്കമാന്റ് അയച്ചത്. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഹൈദരാബാദിലേക്ക് എത്തണം എന്നാണ് ഡികെ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒറ്റപ്പെട്ട് നില്‍ക്കുന്നവരെ ബിആര്‍എസ് ദൂതന്മാര്‍ സമീപിച്ചേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. 119ല്‍ 60 സീറ്റ് കിട്ടുന്നവര്‍ക്ക് തെലങ്കാന ഭരിക്കാം.

കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ ബിആര്‍എസ് ശ്രമിക്കുന്നുവെന്നാണ് ഡികെ ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും ഇക്കാര്യം ആവര്‍ത്തിച്ചു. അന്ന് അവര്‍ 12 പേരെ ചാക്കിട്ടു. ഇത്തവണ അതിന് സാധിക്കില്ല. എല്ലാ നീക്കങ്ങളും കോണ്‍ഗ്രസ് പൊളിക്കുമെന്നും രേണുക ചൗധരി പറഞ്ഞു. പി ചിദംബരം, രണ്‍ദീപ് സുര്‍ജേവാല, ഷിന്‍ഡെ എന്നിവര്‍ നാളെ ഹൈദരാബാദിലെത്തും.

ഭരണം ലഭിച്ചാല്‍ ഡിസംബര്‍ ഒമ്പതിന് സത്യപ്രതിജ്ഞ നടത്തണം എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സോണിയ ഗാന്ധിയുടെ ജന്മദിനമായതിനാലാണ് കോണ്‍ഗ്രസ് ഡിസംബര്‍ ഒമ്പത് ലക്ഷ്യമിടുന്നത്. എന്നാല്‍ ബിആര്‍എസ് മറിച്ചാണ് ചിന്തിക്കുന്നത്. ഞായറാഴ്ച ഫലം വന്നാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താമെന്നാണ് ബിആര്‍എസിലെ ആലോചന.

ബിആര്‍എസിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാര് എന്ന ചോദ്യമേ ഉദിക്കുന്നില്ല. കെ ചന്ദ്രശേഖര റാവു മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. അതുകൊണ്ടുതന്നെ അവര്‍ക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്തുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാര് എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ഒന്നിലധികം നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യരുമാണ്. അതേസമയം, വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ല എന്ന് അഭിപ്രായമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലും ബിആര്‍എസിലുമുണ്ട്.

റിസോര്‍ട്ട് രാഷ്ട്രീയത്തിനാണ് ഡികെ ശിവകുമാര്‍ വരുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ ബിജെപിയുടെ ചാക്കിടല്‍ ശ്രമങ്ങള്‍ക്ക് കുരുക്കിട്ട നേതാവാണ് ഡികെ. കര്‍ണാടകയിലും ഗുജറാത്തിലും ബിജെപിയുടെ ഓപറേഷന്‍ താമരയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ രക്ഷിച്ചത് ഡികെ ആയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും രാഷ്ട്രീയത്തില്‍ ഡികെയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല എന്നതും ചരിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button