ന്യഡൽഹി : നാലാംവട്ട താരിഫ് വർദ്ധനയ്ക്ക് തയ്യാറെടുത്ത് രാജ്യത്തെ മുൻ നിര ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും.
പുതിയ സർക്കാർ അധികാരമെറ്റെടുത്തതിന് ശേഷം മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. 25 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതും 5 ജി സേവനങ്ങൾ രാജ്യമൊട്ടാകെ ലഭിക്കുന്നതിന് വൻനിക്ഷേപം ആവശ്യമായി വരുന്നതുമാണ് കമ്പനികൾ കാൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നതിന് കാരണമായി പറയുന്നത്. സ്പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്ത് താരിഫ് വർദ്ധന അനിവാര്യമാണെന്ന് കമ്പനികൾ പറയുന്നു.
എയർടെല്ലാകും ആദ്യ ഘട്ടത്തിൽ നിരക്കുകൾ ഉയർത്താൻ സാദ്ധ്യത. തുടർന്ന് മറ്റ് കമ്പനികളും ചാർജുകൾ കൂട്ടാനാണ് ആലോചിക്കുന്നത്. ആഗോള ടെലികോം വിപണിയിൽ നിലവിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള പ്രതിയോഹരി വരുമാനം(എ.ആർ.പി.യു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് ഉയർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നു.
ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം മുന്നൂറ് രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികാേം സേവനങ്ങൾ ലാഭകരമായി നൽകാനാവില്ലെന്ന നിലപാടാണ് ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തലിനുള്ളത്. നിലവിൽ എയർടെല്ലിന്റെ എ.ആർ.പി.യു 209 രൂപ മാത്രമാണ്. റിലയൻസ് ജിയോ 182 രൂപയും വോഡഫോൺ ഐഡിയ 146 രൂപയുമാണ് പ്രതിമാസം ഉപഭോക്താക്കളിൽ നിന്ന് ശരാശരി വരുമാനമായി നേടുന്നത്.