ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവാവ് നാട്ടുകാരുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലുള്ള ജഡ്‌ചേര്‍ലയിലാണ് നാടിനെ നടുക്കിയ ഇരട്ട മരണങ്ങള്‍ അരങ്ങേറിയത്. ജഡ്‌ചേര്‍ലയിലെ സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വൈ. വൈഷ്ണവി (21) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പ്രതിയായ തേജ എന്ന യുവാവാണ് നാട്ടുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് വൈഷ്ണവി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വൈഷ്ണവിയെ പ്രതിയായ തേജ പിന്തുടരുകയായിരുന്നു. ജനങ്ങള്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെച്ച് ഇയാള്‍ കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ചോര വാര്‍ന്നൊലിച്ച് സംഭവസ്ഥലത്തുതന്നെ വൈഷ്ണവി വീണു മരിച്ചു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കണ്ടുനിന്ന നാട്ടുകാര്‍ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പ്രതിയെ പിടികൂടിയ നാട്ടുകാര്‍ ഇയാളുടെ കൈയും കാലും കെട്ടിയിട്ട ശേഷം അതിക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും ആള്‍ക്കൂട്ട മര്‍ദനമേറ്റ് യുവാവ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതിയായ തേജയും കൊല്ലപ്പെട്ട വൈഷ്ണവിയും നേരത്തെ ഒരേ സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പരിചയത്തിന്റെ പുറത്ത് ഇയാള്‍ വൈഷ്ണവിയെ നിരന്തരം ശല്യം ചെയ്യുകയും പലതവണ പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൈഷ്ണവി ഇത് പൂര്‍ണ്ണമായും നിരസിച്ചതോടെ ഇരുവരും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട പ്രതിയുടെ മൊബൈല്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ സംഭവസ്ഥലത്തുനിന്ന് ലഭിക്കാത്തതിനാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ജഡ്‌ചേര്‍ല പോലീസ് അറിയിച്ചു.
In a shocking incident at Jadcherla in Mahabubnagar district of Telangana, a 21-year-old woman named Y. Vaishnavi was brutally murdered in broad daylight by a man named Teja for rejecting his romantic advances. Following the horrific throat-slitting attack on the woman, enraged locals chased down the fleeing suspect, tied him up, and beat him severely. Although the police rescued the youth and rushed him to a hospital, he succumbed to his injuries later that night.


