ഹൈദരാബാദ്: സുകുമാരക്കുറുപ്പ് നാലുപതിറ്റാണ്ടുകഴിഞ്ഞിട്ടും കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവശേഷിക്കുകയാണ്. എന്നാൽ കുറുപ്പ് മോഡലിൽ ആറുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ഒരു പാവത്തിനെ കൊന്ന് കത്തിച്ച തെലങ്കാന സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ധർമേന്ദ്ര നായിക്കിനെ (48) പൊലീസ് ദിവസങ്ങൾക്കുള്ളിൽ അകത്താക്കി കഴിവ് തെളിയിച്ചു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ കോളുകളുമാണ് പൊലീസിന് തെളിവായത്. കുറുപ്പ് മോഡൽ കൊലപാതകം എന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ വിശേഷിച്ച അരുംകൊലയിൽ ധർമേന്ദ്രയ്ക്കൊപ്പം ഭാര്യ നീല, മരുമകൻ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരും അറസ്റ്റിലായി.
ഇക്കഴിഞ്ഞ 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരിൽ റോഡിൽ നിന്ന് സമീപത്തെ കുഴിയിലേക്ക് വീണ് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്ന വിവരം അതുവഴി പോയ പാൽക്കാരാണ് പൊലീസിനെ അറിയിച്ചത്. അവരെത്തി പരിശോധിച്ചപ്പോൾ ഡ്രൈവർ സീറ്റിൽ ഒരാൾ കത്തിക്കരിഞ്ഞിരിക്കുന്നു. അതോടെ ആരുടേതാണ് കാർ എന്ന് കണ്ടെത്താനായി പൊലീസിന്റെ ശ്രമം. പരിശോധനയിൽ കാറിന് സമീപത്തുനിന്ന് ധർമേന്ദ്രയുടെ തിരിച്ചറിയൽ കാർഡുകളും വസ്ത്രങ്ങളും പറയത്തക്ക കേടുപാടുകൾ ഇല്ലാതെ കണ്ടെത്തി. ഇതാേടെ മരിച്ചത് ധർമേന്ദ്ര തന്നെയെന്ന് ഉറപ്പിച്ചു. അയാൾ അടുത്തിടെ വാങ്ങിയ പുത്തൻ കാറാണിതെന്നും വ്യക്തമായി. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
കാർ കത്തിയത് അപകടം മൂലമാണോ എന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. കത്തിക്കരിഞ്ഞ കാറിന് സമീപത്തുനിന്ന് പെട്രോളിന്റെ അംശമുള്ള ഒരു കുപ്പി കണ്ടെത്തിയതും ധർമേന്ദ്രയുടെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡുകളും കത്തിനശിക്കാതെ ലഭിച്ചതും സംശയമുളവാക്കി. പക്ഷേ പൊലീസ് ഒന്നും പുറമേ കാണിച്ചില്ല. ഇതിനിടെ ധർമേന്ദ്രയോട് സാദൃശ്യമുള്ള ഒരാളുടെ സി സി ടി വി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ സംശയം കടുത്തു. തുടർന്ന് ബന്ധുക്കളെയും അവരുടെ ഫോൺവിളികളെയും രഹസ്യമായി നിരീക്ഷിച്ചു. അപ്പോഴാണ് ധർമേന്ദ്ര ആറുകോടിയുടെ പുതിയ ഇൻഷ്വറൻസ് എടുത്തിരുന്നു എന്ന് വ്യക്തമായത്. ഇതോടെ കാര്യങ്ങൾ എല്ലാം പൊലീസിന് ഏറക്കുറെ മനസിലായി.
മരണം നടന്ന് രണ്ടുദിവസത്തിന് ശേഷം ധർമേന്ദ്രയുടെ മരണസർട്ടിഫിക്കറ്റ് വാങ്ങി എത്രയും പെട്ടെന്ന് ഇൻഷ്വറൻസ് കമ്പനിക്ക് നൽകാൻ ആവശ്യപ്പെട്ടുള്ള ഒരു ഫോൺ ഭാര്യയ്ക്ക് ലഭിച്ചു. ഇത് ആരുടേതാണെന്ന് വ്യക്തമായില്ലെങ്കിലും ഫോൺകോൾ ട്രാക്ക് ചെയ്യാൻ തന്നെ തീരുമാനിച്ചു. ഫോൺകോളിന് പിന്നാലെ പോയ പൊലീസ് സംഘം എത്തിയത് പൂനെയിൽ. പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഫോൺകോളിന് പിന്നിൽ ധർമേന്ദ്ര തന്നെയായിരുന്നു. ഉടൻതന്നെ പൊക്കി. തുടർന്ന് ചോദ്യംചെയ്തപ്പോൾ അയാൾ എല്ലാം തുറന്നുപറഞ്ഞു.
ഓൺലൈൻ വ്യാപാരത്തിലൂടെ ലക്ഷങ്ങൾ കടക്കാരനായതാണ് തട്ടിപ്പ് നടത്താൻ ധർമേന്ദ്രയെ പ്രേരിപ്പിച്ചത്. അതിനായി ആറുകോടിയുടെ ഇൻഷ്വറൻസ് എടുത്തു. പക്ഷേ, ഇരയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അൻജയ്യ എന്നയാളെ ഇരയായി ലഭിച്ചു. കൊലപാതകം നടത്താനായി ഉറപ്പിച്ച ദിവസം അൻജയ്യ മദ്യപിച്ചത് വീണ്ടും തിരിച്ചടിയായി. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ അശം ഉണ്ടെന്ന് തെളിഞ്ഞാൽ ഇൻഷ്വറൻസ് തുക കിട്ടില്ല എന്ന വ്യക്തമായതോടെ അത് ഉപേക്ഷിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് നിസാബാമാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമേന്ദ്ര കണ്ടെത്തിയത്. ഇയാളെ പ്രേരിപ്പിച്ച് കാറിൽ കയറ്റി കൊലപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മരുമകനാണ് എല്ലാത്തിനും സഹായം നൽകിയത്.