പോക്‌സോ കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും മക്കളെയും ഇരയായ പെൺകുട്ടിയുടെ കുടുംബത്തെയും ഉൾപ്പെടെ 6 പേരെ കൊന്നു

ജാമ്യത്തിലിറങ്ങി കൂട്ടക്കൊല നടത്തി POCSO കേസ് പ്രതി; കൊല്ലപ്പെട്ടത് ഭാര്യയും മക്കളും ഇരയും കുടുംബവും

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡിയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ ഭാര്യയെയും മക്കളെയും, തനിക്കെതിരെ കേസ് കൊടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കുടുംബാംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി. 35 വയസ്സുകാരനായ രാജ്കുമാർ ആണ് വെള്ളിയാഴ്ച രാത്രിയോടെ ഈ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിന് ശേഷം പിതാവിനെ വിളിച്ച് വിവരമറിയിച്ച പ്രതി നിലവിൽ ഒളിവിലാണ്.

ഷാബാദിലെ വീട്ടിൽവെച്ച് ഭാര്യ പാർവതി സരിത(30)യെയും നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കളെയും കൊലപ്പെത്തിയ ശേഷമാണ് ഇയാൾ തനിക്കെതിരെ പരാതി നൽകിയ 17-കാരിയുടെ വീട്ടിലെത്തിയത്. അവിടെവെച്ച് പെൺകുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള മുത്തശ്ശിയെയും ഇയാൾ കൊലപ്പെടുത്തി. ശേഷം പെൺകുട്ടിയെ കാറിൽ വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തിയതായാണ് വിവരം.

സംഭവസമയത്ത് പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ 20 വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും അവരെ അയാൾ ഉപദ്രവിച്ചില്ല. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ തന്റെ പിതാവിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. ‘ഞാനിത് ചെയ്തു. ഈ ആളുകളെ ഞാൻ കൊലപ്പെടുത്തി’ എന്നാണ് രാജ്കുമാർ പറഞ്ഞെതെന്ന് പിതാവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നും രാജ്കുമാർ പറഞ്ഞിരുന്നുവെങ്കിലും അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തരുൺ ജോഷി പറഞ്ഞു. ‘പ്രതി നിലവിൽ ഒളിവിലാണ്. അയാളെ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അയാൾ ഉടൻ പിടിയിലാകും.’ അദ്ദേഹം പറഞ്ഞു.

കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; രാജ്കുമാറിന്റെയും പാർവതിയുടെയും പ്രണയവിവാഹമായിരുന്നു. 2018-ൽ വിവാഹിതരായ ഇവർ ഷാബാദിലും ദേവലഗുഡയിലുമുള്ള സ്വന്തം വീടുകളിൽ താമസമാക്കുന്നതിന് മുമ്പ് ഗ്രാമത്തിന് പുറത്താണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു – ആദ്യത്തെ പെൺകുട്ടി ശൈശവാവസ്ഥയിൽ തന്നെ മരിച്ചു. പിന്നീടാണ് രണ്ട് ആൺകുട്ടികൾ ജനിച്ചത്.

മെയ് 16-നാണ് 17-കാരി രാജ്കുമാറിനെതിരെ പരാതി നൽകിയത്. പിന്നാലെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തതിനും ലൈംഗികമായി ഉപദ്രവിച്ചതിനും പോലീസ് ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ‘പരിശീലന സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയിൽ പെൺകുട്ടിയെ പ്രതി പിന്തുടരുകയും തന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.’ പോലീസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ രാജ്കുമാർ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഈ ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

രാജ്കുമാറിന് നേരത്തെ തന്നെ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ‘കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൗൺസിലിങ്ങിനായി ഞങ്ങൾ രണ്ട് മൂന്ന് തവണ അയാളെ വിളിച്ചിരുന്നു. അയാളുടെ മാനസികനില തകരാറിലായിരുന്നതായി കുടുംബാംഗങ്ങൾ തന്നെ പറയുന്നു. മാത്രമല്ല, അയാൾക്ക് ചൂതാട്ട ശീലമുണ്ടായിരുന്നതായും നേരത്തെ വായ്പകൾ എടുത്ത് കടബാധ്യതകൾ ഉണ്ടായിരുന്നതായും അവർ പറയുന്നു.’ തരുൺ ജോഷി പറഞ്ഞു.

കൊലപാതക വിവരം അറിഞ്ഞതിന് പിന്നാലെ വീട്ടിലെത്തിയ ബന്ധുക്കൾ പറയുന്നതനുസരിച്ച് കുട്ടികൾ ഉറക്കത്തിൽ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. എന്നാൽ പാർവതിയുടെ മൃതദേഹം കണ്ടെത്തിയ മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ഫാൻ, എയർ കണ്ടീഷണർ, കൂളർ എന്നിവ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നും അവർ പറയുന്നു.

ദാരുണമായ കൊലപാതകം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലൊന്നും രാജ്കുമാറും ഭാര്യയുമായി കാര്യമായി തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം വൈകുന്നേരം പാർവതി ബന്ധുക്കളോട് സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

In a horrific mass murder in Ranga Reddy district, Telangana, a 35-year-old POCSO accused named Rajkumar, who was out on anticipatory bail, brutally murdered six people, including his wife, two minor sons, and the 17-year-old victim along with her mother and grandmother. The gruesome incident took place on Friday night in Shahbad. After killing his wife Parvathi Saritha (30) and his two sons aged 4 and 1, Rajkumar went to the minor victim’s house, slaughtered her mother and grandmother, and later abducted and killed the minor girl at an isolated location. Senior cop Tarun Joshi confirmed that special police teams are tracking the absconding suspect, who had obtained bail just a week prior to the crime.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News