ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തീ ആളിപ്പടർന്ന് പൊള്ളലേറ്റ് 80കാരനായ രാമസ്വാമി എന്നയാളാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.
പ്രകാശ് ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ്. അപകടത്തിൽ പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്യുവർ ഇവി ഖേദം പ്രകടിപ്പിച്ചു. അഗാധമായി ഖേദിക്കുന്നുവെന്നും ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വാഹനമോ സേവനമോ വിറ്റതിന്റെ രേഖയൊന്നും കൈവശമില്ലെന്നും വാഹനം സെക്കൻഡ് ഹാൻഡ് സെയിൽ വഴി വാങ്ങിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്യുവർ ഇവി വ്യക്തമാക്കി.
സർക്കാർ ഈ ആശയം സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് ഇവി വാഹനങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയരുന്നത്. നിരവധി അപകടങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവികൾ ഉൾപ്പെടുന്ന അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ആലോചിക്കുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
“ഇലക്‌ട്രിക് ടൂ വീലറുകൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് ദൗർഭാഗ്യകരമാണ്. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാർശ ചെയ്യാനും ഞങ്ങൾ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്,” – കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഈ മാസം ആദ്യം ഓൺലൈനിൽ വൈറലായിരുന്നു, ഇത് സർക്കാർ അന്വേഷണത്തിന് തുടക്കമിട്ടു. സ്റ്റാർട്ടപ്പ് പ്യുവർ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിക്കുകയും ഒകിനാവ ഓട്ടോടെക് പ്രൈവറ്റ് ബൈക്ക് കത്തുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കമ്പനികൾ അറിയിച്ചു.
ഏറ്റവും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങാനുള്ള ഭ്രാന്തിന് പുറമെ, പല വാഹന പ്രേമികള്‍ക്കും മറ്റൊരു ഭ്രാന്തുകൂടിയുണ്ട്. എന്തുവില കൊടുത്തും തങ്ങളുടെ വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ സ്വന്തമാക്കുക എന്നതാണത്. ഇന്ത്യക്കാർ തങ്ങളുടെ പുതിയ കാറുകൾക്കോ ഇരുചക്രവാഹനങ്ങൾക്കോ വേണ്ടി ഫാൻസി നമ്പറുകൾ വാങ്ങുന്നതിനായി തങ്ങളുടെ പണം എത്ര ഭ്രാന്തമായി ചെലവഴിച്ചു എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ മുൻകാലങ്ങളിൽ നമ്മള്‍ കണ്ടിട്ടുണ്ട്. സാധാരണയായി വാഹനങ്ങൾക്ക് അവരുടെ ‘വമ്പ്’ ഉയര്‍ത്തിക്കാട്ടുന്നതിനോ അല്ലെങ്കിൽ അവർ പോകുന്നിടത്തെല്ലാം തങ്ങളെ ശ്രദ്ധിക്കുന്നതിനോ വേണ്ടിയാണ് ഇത്തരം ഫാൻസി നമ്പറുകൾ വാങ്ങുന്നത്. പലപ്പോഴും, ഇത്തരം നമ്പറുകൾ ഒരു ആഡംബര കാർ അല്ലെങ്കിൽ ഒരു സൂപ്പർബൈക്കിനായിട്ടാണ് പലരും വാങ്ങുന്നത്. ഇപ്പോഴിതാ ചണ്ഡീഗഡിൽ നിന്നുള്ള ഒരാൾ തന്റെ ലളിതമായ യാത്രയ്‌ക്കായി ഒരു ഹോണ്ട ആക്ടീവ ഒരു ഫാൻസി നമ്പർ വാങ്ങി അത്ഭുതപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എക്സ്ഷോറൂം വില ഏകദേശം 70,000 രൂപ വിലയുള്ള ഹോണ്ട ആക്ടീവയ്ക്ക് ഈ വിലയുടെ 20 ഇരട്ടി മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് ചണ്ഡീഗഡ് ആസ്ഥാനമായുള്ള വ്യവസായിയായ ബ്രിജ് മോഹൻ എന്നയാളാണ്. CH-01-CJ-0001 എന്ന രജിസ്‌ട്രേഷൻ നമ്പര്‍ 15.44 ലക്ഷം രൂപ മുടക്കി ഇദ്ദേഹം ലേലം വിളിച്ച് സ്വന്തമാക്കിയപ്പോള്‍ ചണ്ഡിഗഡ് ആർടിഒയുടെ ലേലത്തിൽ പങ്കെടുത്തവരെല്ലാം ഞെട്ടി. 71,000 രൂപയുടെ മിതമായ എക്‌സ്‌ഷോറൂം വിലയുള്ള തന്റെ പുതുതായി വാങ്ങിയ ഹോണ്ട ആക്ടിവയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം ഈ ഫാൻസി നമ്പർ വാങ്ങിയത്. ആദ്യമായാണ് ഒരു ഫാൻസി നമ്പർ സ്വന്തമാക്കുന്നതെന്നും ഇനിവാങ്ങുന്ന കാറിനും ഒന്നാം നമ്പർ സ്വന്തമാക്കാൻ ശ്രമിക്കുമെന്നുമാണ് ലേലത്തിന് ശേഷം ബ്രിജ് മോഹൻ പറഞ്ഞത്.
സിഎച്ച് 01 സിജെ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് ചണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്. ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 0001 നമ്പര്‍ ലേലത്തില്‍ പോയപ്പോള്‍ സിഎച്ച് 01 സിജെ 0007 നമ്പര്‍ 4.4 ലക്ഷം രൂപയ്ക്കും സിഎച്ച് 01 സിജെ 0003 നമ്പര്‍ 4.2 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.
പ്രത്യേക നമ്പറുകൾക്ക് വലിയ വില
ബ്രിജ് മോഹൻ തന്റെ ഹോണ്ട ആക്ടിവയ്‌ക്കായി നടത്തിയ ഈ ലേലം ഞെട്ടിപ്പിക്കുന്നതാണ്, കാരണം ആളുകൾ സാധാരണയായി ഒരു കമ്മ്യൂട്ടർ മോട്ടോർ സൈക്കിളിനോ മാസ് മാർക്കറ്റ് സ്‌കൂട്ടറിനോ ഫാൻസി നമ്പർ വാങ്ങാൻ അധികം ചെലവഴിക്കാറില്ല. അതേസമയം ചണ്ഡീഗഡിൽ ‘0001’ എന്ന നമ്പർ ഇത്രയും വലിയ തുകയ്ക്ക് വാങ്ങുന്നത് ഇതാദ്യമല്ല. 2012 ൽ, ഈ നമ്പർ 26.05 ലക്ഷം രൂപയ്ക്ക് ഒരു മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസിന് വാങ്ങി, ഇത് ഒരു കോടിയിലധികം വിലയുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിലൊന്നാണ്.
ബ്രിജ് മോഹൻ വാങ്ങിയ ഈ ഫാൻസി നമ്പർ 2022 ഏപ്രിൽ 14 മുതൽ 16 വരെ ചണ്ഡീഗഢ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റി നടത്തിയ ഫാൻസി നമ്പറുകൾക്കായുള്ള ലേലത്തിന്റെ ഭാഗമാണ്. ഈ ലേലത്തിൽ ഏകദേശം 378 ഫാൻസി നമ്പറുകൾ ലേലത്തിൽ പോയി. ഒരു രജിസ്ട്രേഷൻ നമ്പർ എടുക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഫീയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പ്രീമിയമാണ് തുകകൾ. ഈ 378 ഫാൻസി നമ്പരുകൾ ലേലത്തിൽ പങ്കെടുത്തവർ വാങ്ങിയത് 1.5 കോടി രൂപയാണ്. 5.4 ലക്ഷം രൂപയ്ക്ക് വാങ്ങിയ CH-01-CJ-0002 ആയിരുന്നു ഈ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ നമ്പർ.