ടീസ്റ്റയുടെ ജാമ്യം: സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നത: ജാമ്യാപേക്ഷ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നു

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നു. ടീസ്റ്റയ്ക്ക് ജാമ്യം നൽകുന്നതിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ഹർജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് ഇന്നു രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. 

രണ്ടംഗ ബെഞ്ചിൽ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര വിയോജിച്ചു. കീഴടങ്ങുന്നതിന് ഹൈക്കോടതിക്ക് അൽപം സമയം നൽകാമായിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുന്നതിന് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്കു വിടുകയായിരുന്നു. 

ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ശനിയാഴ്ച ടീസ്റ്റയോട് എത്രയും വേഗം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസിൽ 2022 ജൂൺ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News