ഗാന്ധി നഗർ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന്റെ അറസ്റ്റിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറും അറസ്റ്റില്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നിയിച്ചതിനാണ് കേസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗുജറാത്തിലെ മുൻ പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെതിരേയും കേസ് എടുത്തിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയുടെ അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ ടീസ്ത സെതല്‍വാദ് സകിയ ജഫ്രിയുടെ വികാരം മുതലെടുത്തുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2012ൽ എസ്ഐടിയാണ് ക്ലീൻ ചിറ്റ് നൽകിയത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ക്ലീൻ ചിറ്റ് ശരിവെച്ചുകൊണ്ട് വിധി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മൂവർക്കുമെതിരെയുളള നടപടി.
ടീസ്ത സെതൽവാദിനെ മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ടീസ്ത സെതല്‍വാദ് പൊലീസിന് വിവരങ്ങൾ നൽകിയിരുന്നു. പൊലീസ് അവരുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ആദ്യം സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് അഹമ്മദാബാദ് സിറ്റി പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയെന്നും ടീസ്ത സെതൽവാദിന്റെ വക്കീൽ പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ടീസ്ത സെതല്‍വാദും അവരുടെ സംഘടനയും അടിസ്ഥാനരഹിതമായ വിവരങ്ങൾ നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ‘ഞാൻ വിധി വളരെ ശ്രദ്ധാപൂർവ്വം വായിച്ചു. വിധിയിൽ ടീസ്ത സെതൽവാദിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നു. അവർ നടത്തുന്ന എൻജിഒ, എൻജിഒയുടെ പേര് എനിക്ക് ഓർമയില്ല കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയിരുന്നു.’ അമിത് ഷാ ഒരു പ്രത്യേക അഭിമുഖത്തിൽ എഎൻഐയോട് പറഞ്ഞു.