പതിമൂന്നുകാരിക്ക് നിര്‍ബന്ധിച്ച് മദ്യംനല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി; ബാങ്ക് ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിമൂന്നുകാരിക്ക് നിര്‍ബന്ധിച്ച് മദ്യംനല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സമയ്പുര്‍ ബദ്ലിക്ക് സമീപത്താണ് സംഭവം. നരോട്ടം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

രാജവിഹാറില്‍ വീടിനരികിലായി ബാര്‍ബര്‍ കട നടത്തിവരികയായിരുന്നു നേത. റിഷബ് ഝാ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ്. ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ നേതയുടെ വീട്ടില്‍ ബലംപ്രയോഗിച്ച് എത്തിച്ച് മദ്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അന്വേഷണത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിസിപിക്കാണ് അന്വേഷണചുമതല. എത്രയും പെട്ടെന്നുതന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

മെഡിക്കല്‍ പരിശോധനയുടെ പശ്ചാത്തലത്തിലും പെണ്‍കുട്ടിയുടെ വിശദമായ മൊഴിയുടെ പശ്ചാത്തലത്തിലും ബിഎന്‍എസ് സെക്ഷന്‍ 70 (കൂട്ട ബലാത്സംഗം), സെക്ഷന്‍ 6, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News