രാമനാട്ടുകര: ഇതരസംസ്ഥാനക്കാരിയായ 16 വയസ്സുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മദ്യംനൽകി ലൈംഗികപീഡനംനടത്തി വഴിയിലുപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസി(29)നെയാണ് ചെന്നൈയിൽനിന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവറായിരുന്ന ഇയാളുടെ സുഹൃത്ത് നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ 19-നാണ് സംഭവം. രാമനാട്ടുകരയിലെ ഒരു തുണിക്കടയിൽ ജോലിചെയ്യുന്ന കുട്ടി തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായതോടെ ബന്ധുക്കൾ തിരച്ചിലാരംഭിച്ചു. അന്നുതന്നെ ഫറോക്ക് പോലീസിൽ പരാതിയും നൽകിയിരുന്നു. 20-ന് ഉച്ചയോടെ വീടിനടുത്തുള്ള റോഡിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. തന്റെ സുഹൃത്തായ റിയാസാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരംലഭിച്ചതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു.
അന്വേഷണത്തിൽ 20-ന് രാത്രി മലപ്പുറം, കല്പകഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി, മഞ്ചേരി, ഭാഗങ്ങളിൽ കറങ്ങിയശേഷം പ്രതി 21-ന് കാലത്ത് വളാഞ്ചേരിയിൽനിന്ന് പാലക്കാട്ടേക്കുള്ള ബസിൽ കയറിയെന്ന് പോലീസ് കണ്ടെത്തി. പ്രതി പാലക്കാട്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടങ്ങളിൽ പോലീസെത്തിയെങ്കിലും ഫലമുണ്ടായില്ല. ബെംഗളൂരുവിൽ തന്റെ സുഹൃത്തുക്കളെ കാണാനെത്തിയെന്നുള്ള വിവരമറിഞ്ഞ് അവിടെയും പോലീസ് പിന്നാലെയെത്തിയെങ്കിലും പിടികൂടാനായില്ല.
രണ്ടുമണിക്കൂറിൽ കൂടുതൽ ഒരിടത്തും ഇയാൾ സമയംചെലവഴിച്ചില്ലെന്നതാണ് പോലീസിനെ വലച്ചത്. 24-ന് ചെന്നൈയിലേക്ക് തീവണ്ടികയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് ട്രെയിനെത്തുംമുൻപ് ചെന്നൈയിലെത്തി. അവിടന്ന് ഒഡിഷയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വലയിലാക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒരിക്കൽപ്പോലും മൊബൈൽഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ടവർ നോക്കി ആളെ കണ്ടെത്തുന്ന വിദ്യ ഉപയോഗപ്പെടുത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ പി.സി. സുജിത്ത്, എഎസ്‌ഐ അരുൺകുമാർ മാത്തറ, സിപിഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, സൈബർ സെല്ലിലെ സുജിത്, ഷെഫിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.


