മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഷഹല പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂളിലെ അധ്യാപകര്‍
വയനാട്: ക്ലാസ് മുറിയില്‍ വെച്ച് ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കത്ത് നല്‍കി. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരും സ്ഥലം മാറ്റം ആവശ്യപ്പെട്ടു. മാനസികമായി ഏറെ പ്രയാസം നേരിടുന്നു എന്ന കാരണമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 26 അധ്യാപകരും ഹയര്‍ സെക്കന്‍ഡറിയില്‍ 10 അധ്യാപകരുമാണ് സ്ഥിര നിയമനത്തില്‍ ഉള്ളത്. സസ്‌പെന്‍ഷനിലായ മൂന്ന് അധ്യാപകര്‍ ഒഴികെ ബാക്കിയെല്ലാവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഷഹല പാമ്പ് കടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കു നേരെ വലിയ ആക്ഷേപങ്ങളും ആക്രമണശ്രമങ്ങളും ഉണ്ടായിരുന്നു. മാറ്റം ആവശ്യപ്പെട്ടു ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിയിക്കുകയും പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.