ചെന്നൈ: തമിഴ്നാടിനെ നടുക്കി പ്ലസ് ടു വിദ്യാർഥിയുടെ ആത്മഹത്യയും ബിരുദ വിദ്യാർഥിനിയുടെ കൊലപാതകവും. ചെന്നൈയിലാണ് പ്രണയബന്ധത്തിൽനിന്ന് അധ്യാപിക പിന്മാറിയതിനെ തുടർന്ന് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി.
മറ്റൊരു സംഭവത്തിൽ പ്രണയപ്പകയെ തുടർന്ന് യുവാവ് ബിരുദ വിദ്യാർഥിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. സ്വകാര്യ കോളേജ് വിദ്യാർഥിനിയായ സത്യ (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തതെങ്കിലും വിശദ വിവരം ഇപ്പോഴാണ് പുറത്താകുന്നത്. പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി വിദ്യാർഥിയെ അധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു.
പലപ്പോഴും പഠിക്കാനായി സഹപാഠികളോടൊപ്പം വിദ്യാർത്ഥി അധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ഈ ബന്ധം പ്രണയമായി വളർന്നു. എന്നാൽ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതോടെ അധ്യാപിക ബന്ധത്തിൽ നിന്നകന്നു. ഇത് സഹിക്കാൻ കഴിയാത്തതോടെ വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരണത്തിന് പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അധ്യാപികയിലെത്തിയത്. അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ കണ്ടെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചെന്നൈ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. സത്യ തൽക്ഷണം മരിച്ചു. തല തകർന്നാണ് സത്യ മരിച്ചത്. റെയിൽവേ പൊലീസ് എത്തും മുന്നേ തന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.