ചണ്ഡീഗഢ്: മംഗല്യദോഷം മാറാന്‍ 13 കാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക വിവാഹം ചെയ്തു. പഞ്ചാബിലെ ജലന്ധര്‍ ബസ്തി ബവാഖേലിലാണ് സംഭവം. ഏറെ നാളുകളായി വിവാഹം നടക്കാത്ത അധ്യാപികയ്ക്ക് ദോഷം മാറാന്‍ പുരോഹിതന്‍ പറഞ്ഞു കൊടുത്ത മാര്‍ഗമാണ് പ്രതീകാത്മക വിവാഹം.
മംഗല്യദോഷം കാരണം വിവാഹം നടക്കാത്ത അധ്യാപിക തന്റെ ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയായ 13 കാരനെ വരനായി തെരഞ്ഞെടുക്കുകയായിരുന്നു. ട്യൂഷനായി വിദ്യാര്‍ത്ഥിയെ ഒരാഴ്ച വീട്ടില്‍ താമസിപ്പിക്കണമെന്ന് അധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ചാണ് കുട്ടി അധ്യാപികയുടെ വീട്ടില്‍ താമസിച്ചത്.
ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം അധ്യാപിക വളകള്‍ ഉടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തി.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് കുട്ടി തന്റെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 13 കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം നല്‍കിയ പരാതി അധ്യാപികയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു.