തിരുവനന്തപുരം:എങ്ങിനെ നിർവചിക്കണമെന്നോ എന്ത് പേരിട്ട് വിളിക്കണമെന്നോ ഇപ്പോഴും അറിയാത്ത ബന്ധമാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെതും.ഇപ്പോഴിത തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ അകാല വേർപാടിൽ ഒരു ടീ്ചർ എഴിുതിയ കുറിപ്പാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.ക്ലാസ്സ് മുറിയിൽ തന്റെ പിറന്നാൾ ഗംഭീരമാക്കിയ ശിഷ്യന്റെ അകാല വേർപാടിൽ, ക്ലാസ്സ് ടീച്ചർ ലീന ഗബ്രിയേലാണ് തന്റെ മറ്റൊരു പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് എഴുതിയത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഇന്ന് ഏപ്രിൽ 8 ഒരു പിറന്നാൾ ദിനം കൂടി ഈ ഭൂമിയിൽ ജീവിക്കുവാനും ആയിരിക്കുന്ന മേഖലകളിൽ സ്‌നേഹം പങ്കിടുവാനും സർവ്വശക്തനായ ദൈവം ദാനമായി നൽകിയ ജീവിതം. ജനിച്ച നാൾ മുതൽ ഇന്നുവരെ അവിടുന്ന് എന്റെ മേൽ വർഷിച്ച അനന്ത കാരുണ്യത്തിനും നന്മകൾക്കും ഇന്നേദിവസം നന്ദി അർപ്പിക്കുന്ന തോടൊപ്പം നല്ല പാരമ്പര്യങ്ങളും പരിശീലനവും വിദ്യാഭ്യാസവും പകർന്ന് എന്നെ വളർത്തിയ മാതാപിതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു അദ്ധ്യാപകരുടെ പിറന്നാൾ ദിനം വലിയ ആവേശത്തോടെ കുട്ടികൾ ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ എന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും പാടില്ല എന്ന് ഞാൻ ആ മക്കളെ വിലക്കിയിരുന്നു.
പക്ഷേ ഒരു മാസം മുമ്പ് പതിവുപോലെ സ്‌കൂളിൽ എത്തിയ എന്നെ കാത്തിരുന്നത് പൂർണ്ണമായും സസ്‌പെൻസ് കാത്തുസൂക്ഷിച്ചു കൊണ്ടുള്ള ഒരു പിറന്നാൾ ആഘോഷമായിരുന്നു. ജനലുകളും വാതിലുകളും അടച്ച് ഇരുട്ടുമുറിയാക്കി വെച്ചിരുന്ന എന്റെ ക്ലാസിന്റെ വാതിൽ ഞാൻ തുറന്നതും…Happy B’day dear Teacher. …. എന്ന പാട്ടിന് അകമ്പടിയായി ….. വർണ്ണ കടലാസ് തുണ്ടുകൾ ഉയർന്നുപൊങ്ങി. കുസൃതികളും കുഞ്ഞുകുറുമ്പുകളും അച്ചടക്കക്കുറവും ഒക്കെ അവർ കാണിക്കുമ്പോൾ നന്നായി വഴക്ക് പറയാറുള്ള ഞാൻ കുട്ടികളുടെ സ്‌നേഹാര വങ്ങൾക്കു മുന്നിൽ നിശബ്ദയായിപ്പോയി. ബ്ലാക്ക് ബോർഡിലെ എഴുത്തുകളും ചിത്രങ്ങളും വർണ്ണാഭമായ തോരണങ്ങളും കേക്കും കത്തിച്ചുവച്ച മെഴുകുതിരികളും സർപ്രൈസ് ഗിഫ്റ്റുകളും കണ്ടപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു.
ഈ ക്ലാസ്സിലെ പിറന്നാളാഘോഷ ത്തിന്റെ ശബ്ദം അടുത്ത ക്ലാസിന് ബുദ്ധിമുട്ട് ആകാതിരിക്കാൻ ഞാൻ ഏറെ പണിപ്പെട്ടു. ഏറ്റവും മനോഹരമായ ടീച്ചറിന്റെ ബർത്ത് ഡേ ആഘോഷിക്കാനുള്ള ആസൂത്രണവും കുട്ടികളിലെ സംഘബോധവും നേതൃത്വപാടവവും കണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു എന്നു മാത്രമേ പറയാനുള്ളൂ. ആറാം ക്ലാസുകാർ നടത്തിയ ഈ ഉത്സവാഘോഷത്തിന്റെ വിവരങ്ങൾ ഒന്നും പുറത്തറിയാതെ പരമരഹസ്യമായി സൂക്ഷിച്ച് വിജയത്തിലെത്തിയതിന്റെ ആഹ്ലാദത്തിളക്കം ഓരോ കണ്ണുകളിലും ദൃശ്യമായിരുന്നു.
ഞാൻ എന്റെ ക്ലാസിലേക്ക് കാലെടുത്തുവെച്ച നിമിഷം മുതൽ ഫോട്ടോ എടുക്കുന്നതും വർണ്ണക്കടലാസ് കഷണം കൊണ്ടു നിറഞ്ഞ എന്റെ തലമുടി വൃത്തിയാക്കുന്നതും കേക്കുകൊണ്ട് മെഴുകിയ എന്റെ മുഖം ടിഷ്യൂപേപ്പർ കൊണ്ട് തുടച്ചതും വരെ പ്രിയമക്കളുടെ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു ….
എന്റെ ജീവിതത്തിലെ മറക്കാനാകാത്ത പിറന്നാളാഘോഷം…… കുഞ്ഞുമനസ്സുകളുടെ സ്‌നേഹം ഓർമ്മിക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ഒപ്പം സന്തോഷവും സങ്കടവും സമ്മിശ്രം. മനസ്സിനെ നൊമ്പരപ്പെടുത്തുന്നത് മറ്റൊന്നുമല്ല അന്നത്തെ പിറന്നാൾ ആഘോഷത്തിന് ഇടയിൽ മക്കൾ നൽകിയ കൊച്ചു സമ്മാനങ്ങളോടൊപ്പം എന്റെ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വർണ്ണക്കടലാസിൽ പൊതിഞ്ഞ് അവരുടെ ഓർമ്മയ്ക്കായി നൽകി .
കുട്ടികളുടെ പ്ലാൻ അനുസരിച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ എന്റെ ഫോട്ടോയും പിടിച്ചു കൊണ്ട് നിൽക്കുന്ന പ്രിയ ശിഷ്യൻ അലൻ ശരത്ത് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞു വീട്ടിലെ അക്വേറിയം വൃത്തിയാക്കിയപ്പോഴാണ് ഷോക്കേറ്റ് അലന് ആ ദാരുണാന്ത്യം സംഭവിച്ചത്…
അതിനാൽ തന്നെ എന്റെ ഈ പിറന്നാൾ ദിനം എനിക്ക് സന്തോഷത്തിന്റേതല്ല…. ക്ലാസിലെ ആഘോഷദിവസം ഞാൻ വരാന്തയിലൂടെ നടന്നുപോകുമ്പോൾ അലൻ പുറകെ ഓടിവന്ന് ചോദിച്ച വാക്കുകൾ….. ‘ ടീച്ചറെ ഞങ്ങളുടെ പിറന്നാളാഘോഷം ഇഷ്ടപ്പെട്ടോ…. ‘ വീണ്ടും കേൾക്കുന്നതായി തോന്നുന്നു… അന്നേ ദിനം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അലന്റെ അമ്മ സിനിയുടെ മടിയിലിരുന്ന് ടീച്ചറിന്റെ ബർത്ത് ഡേ അടിപൊളിയായി ഞങ്ങൾ ആഘോഷിച്ചു ടീച്ചറിനെ പറ്റിച്ചു എന്ന് പറഞ്ഞുകൊണ്ട് ടീച്ചറിന്റെ പിറന്നാൾ ആഘോഷവിവരണം ആദ്യവസാനം അമ്മയെ പറഞ്ഞു കേൾപ്പിച്ചു എന്ന വാക്കുകൾ എന്നോട് പങ്കുവെച്ച അമ്മയ്ക്കും എനിക്കും അലൻ എന്ന കുഞ്ഞ് കണ്ണീർ പൂവായി……
തുടർന്ന് മകന്റെ ചോദ്യത്തിന് അമ്മ കൃത്യമായി മറുപടി കൊടുത്തതും എനിക്ക് ആശ്വാസകരമായി… ആ ചോദ്യം മറ്റൊന്നല്ല ‘ ‘അമ്മേ,…. എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്…. അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ?’ നിഷ്‌കളങ്കനായ എന്റെ പ്രിയ കുഞ്ഞേ നിന്റെ സ്മരണയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ….. ഒത്തിരി ഇഷ്ടത്തോടെ…. എന്റെ ഈ പിറന്നാൾ കുറിപ്പ് സമർപ്പിക്കുന്നു.