മദീനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

മദീന: സൗദി അറേബ്യയിലെ മദീനയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന കാറുകള്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാരും അധ്യാപികമാരും ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു.

അധ്യാപികമാരെയും കൊണ്ട് സ്‌കൂളിലേക്ക് പോകുന്ന കാറും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മദീന-യാമ്പു റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ച് അധ്യാപികമാരില്‍ ഒരാളാണ് മരിച്ചത്. അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.

മറ്റ് നാലു അധ്യാപികമാര്‍ക്കും അവരുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ പെട്ട രണ്ടാമത്തെ വാഹനം ഓടിച്ച സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്.

ഒരാളെ മദീന കിങ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയിലേക്കും ഒരാളെ അല്‍ഈസ് ആശുപത്രിയിലേക്കും രണ്ടു പേരെ കിങ് ഫഹദ് ആശുപത്രിയിലേക്കും മറ്റുള്ളവരെ യാമ്പു ജനറല്‍ ആശുപത്രിയിലുമാണ് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News