അധ്യാപികയും 14 വയസുള്ള മകനും കൊല്ലപ്പെട്ട നിലയില്‍; മകന്റെ ട്യൂഷന്‍ ടീച്ചര്‍ സംശയ നിഴലില്‍, പിതാവിനെ ചോദ്യം ചെയ്തു

കൊല്‍ക്കത്ത: അമ്മയെയും മകനെയും കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്‌കൂള്‍ അധ്യാപികയും അവരുടെ 14 വയസുള്ള മകനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയുമാണ് കണ്ടതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

സ്‌കൂള്‍ യൂണിഫോമിലായിരുന്ന മകന്റെ മൃതദേഹം കിടക്കയിലും, ഭാര്യയുടേത് തറയിലുമാണ് കിടന്നിരുന്നത്. കൊല്‍ക്കത്തയിലെ ബെഹാല പരണ്‍ശ്രീയില്‍ തിങ്കളാഴ്ചയാണ് സംഭവം. അതേസമയം വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. സംഭവത്തില്‍, ഭര്‍ത്താവിനെയും മകന്റെ ട്യൂഷന്‍ ടീച്ചറിനെയും പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷന്‍ ടീച്ചര്‍ ഫ്‌ളാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാല്‍ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു.

അതേസമയം അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. പരിചയക്കാര്‍ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പോലീസിന്റെ നിഗമനം. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News