ന്യൂഡല്‍ഹി: 2019-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉപേക്ഷിച്ച ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചെത്താന്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. ഇതിന്റെ ഭാഗമായി ബുധനാഴ്ച ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കളെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് അഞ്ചോടെ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ എത്തുമെന്നാണ് സൂചന.
നടന്‍ പവന്‍ കല്യാണിന്റെ ജനസേനയുമായി നേരത്തെതന്നെ ടി.ഡി.പി. സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന എന്‍.ഡി.എ. സഖ്യകക്ഷികളുടെ യോഗത്തില്‍ ജനസേന പങ്കെടുത്തിരുന്നു. ടി.ഡി.പിയെക്കൂടെ സഖ്യത്തിലെത്തിക്കാന്‍ ജനസേന ശ്രമം തുടര്‍ന്നുവരികയായിരുന്നു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനസേനയുമായി ടി.ഡി.പി. ഏകദേശ സീറ്റുധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, എന്‍.ഡി.എ. സഖ്യത്തിലുണ്ടായിരുന്ന ടി.ഡി.പി, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഖ്യമുപേക്ഷിച്ചത്.