നാസിക് ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്: നിദാ ഖാൻ പിടിയിൽ

മുംബൈ: നാസിക് ടിസിഎസിലെ ലൈംഗിക പീഡനം, മതപരിവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ഒളിവിൽകഴിഞ്ഞിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ പിടിയിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പിടിയിലാകുന്നത്. ഛത്രപതി സാംബാജി നഗറിൽനിന്ന് പ്രത്യേകാന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തതുമുതൽ നിദ ഖാൻ ഒളിവിലായിരുന്നു. കഴിഞ്ഞ നാലുദിവസമായി കൈസർ കോളനിയിലെ ഫ്ലാറ്റിൽ നിദാ ഖാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിച്ചുവരികയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. നാസിക് എസ്ഐടി, ഛത്രപതി സംഭജിനഗർ പോലീസ് കമ്മിഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിനും മറ്റു നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി. താൻ ഗർഭിണിയാണെന്നും മുൻകൂർ ജാമ്യം വേണമെന്നുമാവശ്യപ്പെട്ട് നേരത്തെ ഇവർ കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു.

2021-ലാണ് നിദ ഖാനെ ടിസിഎസിൽ ചേരുന്നത്. പ്രോസസ് അസോസിയേറ്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. ആരോപണങ്ങളുടയർന്നതിനു പിന്നാലെ ഇവരെ കമ്പനിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടുവെന്നായിരുന്നു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News