ടിസിഎസ് നാസിക് ശാഖയിൽ പീഡന വിവാദം: നിദ ഖാൻ എച്ച്ആർ മാനേജരല്ലെന്ന് കമ്പനി; ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് ശാഖയെ ചുറ്റിപ്പറ്റിയുള്ള പീഡന-മതംമാറ്റ വിവാദങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ നിദ ഖാന്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജരാണെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ഇപ്പോള്‍ ടിസിഎസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. നിദ ഖാന്‍ വെറുമൊരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും ഇവര്‍ക്ക് റിക്രൂട്ട്മെന്റ് ചുമതലകള്‍ ഇല്ലായിരുന്നു എന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കൊണ്ട് തീരുന്നതല്ല ടിസിഎസ് നേരിടുന്ന പ്രതിസന്ധി.

ഒരു സിനിമാക്കഥയെ വെല്ലുന്ന ക്രൂരതകളാണ് നാസിക്കിലെ ഓഫീസിനുള്ളില്‍ നടന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസിലെ പ്രധാന പ്രതിയായ ഡാനിഷ് ഷെയ്ഖ്, താന്‍ വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡാനിഷിന്റെ സഹോദരി കൂടിയായ നിദ ഖാന്‍, പരാതിക്കാരിയെ മതം മാറാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. ഇരയുടെ മതത്തെ അധിക്ഷേപിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ഡാനിഷിനും നിദയ്ക്കുമെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ, തങ്ങളും ഇരകളാണെന്ന് വ്യക്തമാക്കി ഏഴ് യുവതികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. 2022 മുതല്‍ 2026 മാര്‍ച്ച് വരെ നീണ്ട ക്രൂരമായ ലൈംഗിക-മാനസിക പീഡനങ്ങളുടെ കഥകളാണ് ഇവര്‍ക്ക് പറയാനുള്ളത്. ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എച്ച്ആര്‍ വിഭാഗം ഇത് കണ്ടില്ലെന്ന് നടിച്ചുവെന്നുമാണ് ഇരകളുടെ ഗുരുതരമായ ആരോപണം.

വിശദമായ അന്വേഷണം നടത്തുന്നതിനായി കമ്പനി ഒരു ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്പനി ബോര്‍ഡിലെ സ്വതന്ത്ര ഡയറക്ടറായ ധനകാര്യ മേഖലയിലെ വിദഗ്ധന്‍ കെകി മിസ്ത്രി ആണ് സമിതിയുടെ അധ്യക്ഷന്‍. പ്രാഥമിക അവലോകനത്തില്‍ ‘നാസിക് യൂണിറ്റിലെ സിസ്റ്റങ്ങളും റെക്കോര്‍ഡുകളും പരിശോധിച്ചതില്‍, ആരോപണങ്ങളില്‍ പറയുന്നത് പ്രകാരമുള്ള പരാതികളൊന്നും ലഭിച്ചിട്ടുള്ളതായി കാണുന്നില്ല. എത്തിക്‌സ് കമ്മറ്റിക്കോ പോഷ് കമ്മറ്റിക്കോ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല.’ കമ്പനി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ നിദ ഖാന്‍ നിലവില്‍ ഒളിവിലാണ്. 2022-ല്‍ ഓഫീസിലെ സഹപ്രവര്‍ത്തകനായ ഡാനിഷ് ഷെയ്ഖ്, താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി ഒരു സ്ത്രീയുമായി ശാരീരികബന്ധം സ്ഥാപിച്ചു എന്ന പരാതിയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.

പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, ഡാനിഷ് ഷെയ്ഖിന്റെ സഹോദരിയാണ് നിദ ഖാന്‍. പരാതിക്കാരിയുടെ മതത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായി നിദ ഖാനെതിരെ ആരോപണമുണ്ട്. ഡാനിഷ് ഷെയ്ഖ് വിവാഹിതനാണെന്ന സത്യം നിദ ഖാനും തൗസിഫ് അക്തര്‍ എന്ന മറ്റൊരാളും ചേര്‍ന്ന് പരാതിക്കാരിയില്‍നിന്ന് മറച്ചുവെച്ചതായും ആരോപിക്കപ്പെടുന്നു.

അന്വേഷണം പുരോഗമിക്കവെ, ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും എച്ച്ആര്‍ വിഭാഗം തങ്ങളുടെ പരാതികള്‍ അവഗണിച്ചുവെന്നും ആരോപിച്ച് ഏഴ് സ്ത്രീകള്‍ കൂടി മുന്നോട്ട് വന്നു. 2022 ഫെബ്രുവരിക്കും 2026 മാര്‍ച്ചിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പീഡനങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ആവര്‍ത്തിച്ച ടിസിഎസ്, കേസില്‍ പോലീസുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും പ്രതികരിച്ചിട്ടുണ്ട്.

TCS has clarified that Nida Khan, a key accused in the Nashik branch harassment and forced conversion case, was a process associate and not an HR manager. The controversy escalated as seven more women came forward alleging sexual and mental harassment by senior officials between 2022 and 2026. While the company has formed an internal committee led by Keki Mistry, police have already arrested seven individuals in connection with the case.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News