FeaturedKeralaNews

വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാന്‍ ടി.സി വേണ്ട; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് ടി സി ഇല്ലാതെ വിദ്യാര്‍ത്ഥിയ്ക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന്‍ എടുക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 5 (2) , (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടിസി നല്‍കേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പുതുതായി ചേരാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷന്‍ നല്‍കാന്‍ സാധിക്കൂ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്മിഷന്‍ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി വ്യക്തമാക്കി.

കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നബംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആദ്യഘട്ടത്തില്‍ ക്‌ളാസുകള്‍ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല.

ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നാണ് തീരുമാനം.എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍തല ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തും. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കും. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button