തിരുവനന്തപുരം:ബവ്റിജസ് കോർപറേഷൻ പുതുതായി ആരംഭിക്കാൻ അനുമതി തേടിയ മദ്യവിൽപ്പന ശാലകളുടെ വിശദാംശങ്ങൾ തേടി നികുതി വകുപ്പ്. മദ്യനയം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിശദാംശങ്ങൾ തേടിയത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ വോക്ക് ഇൻ സൗകര്യത്തോടു കൂടിയ 175 ഔട്ട്ലറ്റുകൾ ആരംഭിക്കാനാണ് കോർപറേഷൻ അനുമതി തേടിയത്.
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും അവയിൽ പ്രീമിയം ഷോപ്പുകളുടെ വിശദാംശങ്ങളും നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. മുൻപ് പ്രവർത്തിച്ചിരുന്നതും പല കാരണങ്ങളാൽ പ്രവർത്തനം അവസാനിപ്പിച്ചതുമായ 92 ഔട്ട്ലറ്റുകൾ കൂടി തുറക്കുന്നതിനു കോർപറേഷൻ അനുമതി തേടിയിരുന്നു. അതിന്റെ വിശദാംശങ്ങളും നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ദേശീയ–സംസ്ഥാന പാതകളുടെ 500 മീറ്ററിനുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പനശാലകൾ മാറ്റി സ്ഥാപിച്ചിരുന്നു. അവ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പുതിയ വിൽപ്പനശാല തുടങ്ങാമെന്നാണ് ബവ്കോ നിർദേശം.
നഗരസഭകളിൽ തിരക്കുള്ള വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ തിരക്കു കുറയ്ക്കുന്നതിന് പുതുതായി ഒരു വിൽപ്പനശാലകൂടി ആരംഭിക്കാം. 20 കിലോമീറ്ററിലധികം ദൂരത്തിൽ ചില്ലറ വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയവ ആരംഭിക്കണം. തീരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും വ്യാജവാറ്റ് തടയാൻ പുതിയ വിൽപ്പനശാല വേണം. ടൂറിസം കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും മദ്യവിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ നേരത്തേ ശുപാർശ ചെയ്തിരുന്നു.