കൊച്ചി: ടാറ്റു ചെയ്യുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയെന്നു പരാതി വന്നു വിവാദത്തിലായ കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോ നടിമാര്‍ അടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമെന്നു സൂചന. മലയാളത്തിലെ പ്രമുഖ നടിമാരും മോഡലുകളുമടക്കം ഇവിടെ ടാറ്റു ചെയ്യുന്നതിനായി എത്തിയിരുന്നുവെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്.
നടിമാര്‍ക്കൊപ്പം പ്രതി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്.
ഇതോടെ, ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് പി.എസ്. സുജീഷിനെതിരേ അഞ്ച് കേസുകളായി. മൂന്നു കേസുകള്‍ പാലാരിവട്ടത്തും ഒരെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു കമ്മീഷണര്‍ അറിയിച്ചു.
നേരത്തെ നാലു യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. സുജീഷിന്റെ പാലാരിവട്ടം, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലെ ടാറ്റു സ്റ്റുഡിയോകളില്‍ വച്ചു പീഡനം നേരിട്ടെന്നാണ് യുവതികള്‍ പോലീസിനു നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. യുവതികളുടെ താമസസ്ഥലത്തെത്തി പോലീസ് ഇന്നു വിശദമായ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിനു ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.