24.7 C
Kottayam
Wednesday, May 22, 2024

സ്വകാര്യഭാഗത്ത് ടാറ്റു, കലാകാരന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍; പരാതിയില്ല: വലഞ്ഞ് പൊലീസ്‌

Must read

കൊച്ചി: കൊച്ചിയിൽ മീടൂ ആരോപണങ്ങൾ തുടർക്കഥയായതോടെ വെട്ടിലായി സിറ്റി പൊലീസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കു പരാതിയില്ലാത്ത സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച്‌ അന്വേഷണം നടത്തേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥർ. കാക്കനാട്ടെ ടാറ്റു കലാകാരനെതിരെ ലൈംഗിക ആരോപണങ്ങൾ വന്നതിനു പിന്നാലെ പ്രമുഖ മേക്കപ്പ് കലാകാരൻമാരിൽ ഒരാൾക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.

സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാൻ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റു കലാകാരനെതിരായ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ നിരവധിപ്പേർ ദുരനുഭവമുണ്ടായെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതിന്റെ തുടർച്ചയായാണ് വൈറ്റിലയ്ക്കടുത്തു സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയർത്തി സമൂഹമാധ്യമത്തിൽ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേർ സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയെന്നു ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവർ പോസ്റ്റിടുക കൂടി ചെയ്തതോടെ അന്വേഷണം ഏതു രീതിയിൽ വേണമെന്ന സംശയത്തിലാണ് പൊലീസ്.

നിലവിൽ ടാറ്റു കലാകാരനെതിരെ സുപ്രീം കോടതിയുടെ ലളിതകുമാരി വേഴ്സസ് യുപി കേസിലെ വിധി അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സമൂഹമാധ്യമത്തിൽ ആദ്യം പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. ഇവർക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിക്കുമ്പോൾ ഇവർക്ക് ആർക്കും പരാതിയില്ലെന്നാണ് പറയുന്നത്. ഇതോടെയാണ് പൊലീസ് സ്വന്തം രീതിയിൽ അന്വേഷണത്തിന് തീരുമാനിച്ചത്. ഫോൺ വഴിയാണെങ്കിലും പരാതി ലഭിച്ചാൽ അന്വേഷണം ഉണ്ടാകുമെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു അറിയിച്ചിരിക്കുന്നത്.

ഇതിനിടെ ആരോപണമുയർന്ന ടാറ്റു കലാകാരനെതിരെ അന്വേഷണവുമായി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിൽ എത്തിയിരുന്നു. പരാതി ഉയർന്നതിനു പിന്നാലെ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾ ഒളിവിലാണെന്നു സിറ്റി കമ്മിഷണർ പറയുന്നു. അതേസമയം ടാറ്റു കലാകാരൻമാർക്കിടയിലുള്ള പോരാണ് ആരോപണത്തിനു പിന്നിലെന്നാണ് പ്രതിയുടെ ബന്ധുക്കൾ പറയുന്നത്.

വൈറ്റിലയിലെ മേക്കപ്പ് ആർടിസ്റ്റിനെ സമീപിച്ച നിരവധിപ്പേർക്കു മോശം അനുഭവം ഉണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരയായ പെൺകുട്ടികൾക്കു പുറമേ ചിലരുടെ ഭർത്താക്കൻമാരും വെളിപ്പെടുത്തലുകളുമായി വന്നിട്ടുണ്ട്. അനാവശ്യമായി ഇയാൾ ശരീര ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായാണ് ആരോപണം. അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റുകയും അശ്ലീല സംഭാഷണം നടത്തിയെന്നുമെല്ലാം ഇവർ ആരോപിക്കുന്നു. വിവാഹ ആവശ്യങ്ങൾക്ക് മേക്കപ്പിന് എത്തിയവർക്കു പോലും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്നും പറയുന്നു.

സംസ്ഥാനത്ത് നിലവിൽ ടാറ്റു ആർട് സ്റ്റുഡിയോകൾക്കു ലൈസൻസ് നൽകുന്ന സംവിധാനം നിലനിൽക്കുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷിക്കുമ്പോൾ ലഭിക്കുന്നത് ആർട് സ്റ്റുഡിയോകൾക്കുള്ള ലൈസൻസാണ്. ഇതിൽ ടാറ്റു ഉൾപ്പെടും എന്നു പറയുന്നതല്ലാതെ രേഖകളിൽ ഇതു കാണിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.

സ്വകാര്യ ഭാഗത്ത് ചിത്രങ്ങൾ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഈ മേഖലയിലുള്ള ചിത്രകാരൻമാരിൽ ഒരാളുടെ വെളിപ്പെടുത്തൽ. ‘എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ. അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല. ജോലി ചെയ്യുമ്പോഴല്ലാതെ പെൺകുട്ടിയുടെ ശരീരത്ത് എവിടെ സ്പർശിക്കുന്നതും ലൈംഗിക അതിക്രമമാണ് എന്നതിൽ തർക്കമില്ല. കാക്കനാട് സ്റ്റുഡിയോയിൽ എത്തിയ പെൺകുട്ടി സ്വകാര്യ ഭാഗത്ത് ചിത്രം വരയ്ക്കാനാണ് എത്തിയത് എന്നാണ് അറിയുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ടാറ്റു കലാകാരൻമാരുടെ യോഗം ചേർന്ന് സംഘടന രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week