മുംബൈ: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതികരണവുമായി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിവേഗത്തിലുള്ള നടപടി ആവശ്യമായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഭവം അര്‍ഹിക്കുന്ന ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
‘നവംബര്‍ 26-നുണ്ടായ സംഭവം തന്നേയും എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകരേയും വ്യക്തിപരമായി വേദനിപ്പിച്ചു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമൊപ്പമാണ് എയര്‍ ഇന്ത്യ. അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഏത് സംഭവങ്ങളും പരിശോധിക്കുകയും ആവർത്തിക്കാതിരിക്കാനുള്ള എല്ലാനടപടികളും സ്വീകരിക്കുകയും ചെയ്യും’, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബിസിനസ് ക്ലാസില്‍ യാത്രചെയ്യുകയായിരുന്ന ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് കാണിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന് വയോധിക കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്താവുന്നത്. പ്രതിചേര്‍ക്കപ്പെട്ട ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.