ന്യൂഡല്‍ഹി: അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍ എം.പി. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ബഹുമാനം ലഭിക്കേണ്ടതുണ്ട്. ഇത്തരം വിമര്‍ശനം കോണ്‍ഗ്രസ് നടത്തുന്നത് നല്ലതല്ലെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു.
പ്രതിപക്ഷത്തെ എംപിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും നടപടികളെയും വിമര്‍ശിക്കാനും വീഴ്ചകള്‍ തുറന്നുകാണിക്കാനും തനിക്ക് അവകാശമുണ്ട്.എന്നാല്‍ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍, ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോകുന്നത്. അദ്ദേഹം അപ്പോള്‍ സ്വീകരിക്കപ്പെടേണ്ടത് നല്ല രീതിയിലാണ്.
മോദിയെ കുറിച്ച് വിമര്‍ശനാത്മകമായി ഒന്നും പറയാനില്ല. രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് മോദി വിമര്‍ശനം അര്‍ഹിക്കുന്നത്. അത് ആവശ്യ സമയത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണം. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എല്ലാവിധ ബഹുമാനവും നല്‍കണം. അത് രാജ്യത്തിന് ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.