ന്യൂഡല്‍ഹി: എ.ഐ.സി.സിയുടെ സംഘടനാ ചുമതലകളില്‍ അഴിച്ചുപണി. ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍നിന്ന് മാറ്റി. കേരളത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയ താരിഖ് അന്‍വറിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും എടുത്തുകളഞ്ഞു. ദീപാ ദാസ് മുന്‍ഷിക്കാണ് കേരളത്തിന്റെ ചുമതല. അതേസമയം, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ.സി. വേണുഗോപാല്‍ തുടരും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുമതലകളിലെ മാറ്റം.
പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതാണ് ശ്രദ്ധേയമായ നീക്കം. മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുക എന്നതടക്കമുള്ള ചുമതലകളോടെയാണ് ഖാര്‍ഗെ ഇപ്പോള്‍ ചെന്നിത്തലയെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ചെന്നിത്തല തമിഴ്‌നാടിന്‍റെ ചുമതല വഹിച്ചപ്പോഴാണ് മൂപ്പനാരുടെ തമിഴ് മാനില കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആറു സംസ്ഥാനങ്ങളുടെ ചുമതല ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. മധ്യപ്രദേശിലും ചുമതല വഹിച്ചു. മാധവറാവു സിന്ധ്യ മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം സെക്രട്ടറിയായും ചെന്നിത്തല പ്രവര്‍ത്തിച്ചിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പുതിയ വര്‍ക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്കാഗാന്ധിക്ക് പ്രത്യേക ചുമതലകളൊന്നുമില്ല. ജയറാം രമേശ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയിലും അജയ് മാക്കന്‍ ട്രഷററായും തുടരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന സച്ചിന്‍ പൈലറ്റിന് ഛത്തീസ്ഗഢിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറിമാര്‍
മുകുള്‍ വാസ്‌നിക്- ഗുജറാത്ത്
പ്രിയങ്കാഗാന്ധി- പ്രത്യേക ചുമതലകള്‍ ഇല്ല
ജിതേന്ദ്ര സിങ്- അസം, മധ്യപ്രദേശിന്റെ അധിക ചുമതല
രണ്‍ദീപ് സിങ് സുര്‍ജേവാല- കര്‍ണാടക
ദീപക് ബാബരിയ- ഡല്‍ഹി, ഹരിയാണയുടെ അധിക ചുമതല
സച്ചിന്‍ പൈലറ്റ്- ഛത്തീസ്ഗഢ
അവിനാഷ് പാണ്ഡേ- ഉത്തര്‍പ്രദേശ്
കുമാര്‍ ഷല്‍ജ- ഉത്തരാഖണ്ഡ്
ജി.എ. മിര്‍- ഝാര്‍ഖണ്ഡ്, പശ്ചിമബംഗാളിന്റെ അധിക ചുമതല
ദീപ ദാസ്മുന്‍ഷി- കേരളം, ലക്ഷദ്വീപ്, തെലങ്കാനയുടെ അധിക ചുമതല
ജയറാം രമേശ്- കമ്മ്യൂണിക്കേഷന്‍
കെ.സി. വേണുഗോപാല്‍- സംഘടന
ഇന്‍-ചാര്‍ജുമാര്‍
രമേഷ് ചെന്നിത്തല- മഹാരാഷ്ട്ര
മോഹന്‍ പ്രകാശ്- ബിഹാര്‍
ഡോ. ചെല്ലകുമാര്‍- മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്
അജോയ് കുമാര്‍- ഒഡിഷ, തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും അധിക ചുമതല
ഭരത് സിംഹ് സോളങ്കി- ജമ്മു കശ്മീര്‍
രാജീവ് ശുക്ല- ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഢ്
സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ- രാജസ്ഥാന്‍
ദേവേന്ദര്‍ യാദവ്- പഞ്ചാബ്
മാണിക് റാവു താക്കറെ- ഗോവ, ദാമന്‍ ദിയു, ദാദ്ര നാഗര്‍ ഹവേലി
ഗിരീഷ് ചോദന്‍കാര്‍- ത്രിപുര, സിക്കിം, മണിപ്പുര്‍, നാഗാലാന്‍ഡ്
മാണിക്കം ടാഗോര്‍- ആന്ധ്രാപ്രദേശ്, ആന്‍മാന്‍ നിക്കോബാര്‍
ഗുര്‍ദീപ് സിങ് സപ്പല്‍- അഡ്മിനിസ്‌ട്രേഷന്‍
ട്രഷറര്‍- അജയ് മാക്കന്‍
ജോയിന്റ് ട്രഷറര്‍മാര്‍- മിലിന്ദ് ദേവ്‌റ, വിജയ് ഇന്ദര്‍ സിഗ്ല