പുതുച്ചേരി: വസ്ത്രധാരണത്തിന്റെ പേരില്‍ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാര്‍ അപമാനിച്ചതായി ഹൈദരബാദില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഒരു കൂട്ടം ടെക്കികള്‍ പുതുച്ചേരിയില്‍ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇവരെ അപമാനിച്ചത്. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടല്‍തീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസുകാര്‍ സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്.
പ്രണിത എന്ന യുവതിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെയും സുഹൃത്തുക്കളെയും പോലീസ് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. വിദേശികള്‍ ഉള്‍പ്പടെ ധാരാളം വരുന്ന വിനോദസഞ്ചാര കേന്ദ്രമായ പുതുച്ചേരിയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നിങ്ങള്‍ വിദേശികളെ തടഞ്ഞോ? എന്ന് ചോദിച്ചപ്പോള്‍ പോലീസുകാര്‍ മറുപടി നല്‍കിയില്ലെന്നും യുവതി പറഞ്ഞു.
ഇത്തരത്തിലുള്ള വസ്ത്രം ഇവിടെ അനുവദനീയമല്ലെന്ന് ആവര്‍ത്തിച്ച പോലീസ് തങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രണിത പരാതിപ്പെടുന്നത്. യുവതികളെ പോലീസ് വിചാരണ ചെയ്യുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ പോലീസ് സ്ഥലം വിടുകയായിരുന്നു.