KeralaNews

മുല്ലപ്പെരിയാർ: തമിഴ്‍നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ അണക്കെട്ട് സന്ദർശിക്കും

ഇടുക്കി:തമിഴ്‍നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം (Tamil Nadu ministers) നാളെ മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സന്ദർശിക്കും. അഞ്ച് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ് മന്ത്രി ചക്രപാണി എന്നിവർ സംഘത്തിലുണ്ടാവും. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴ് മണ്ഡലങ്ങളിൽ നിന്നുള്ള നിന്നുള്ള എം എൽ എ മാരും മന്ത്രിമാർക്കൊപ്പം അണക്കെട്ടിലെത്തും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കന്‍റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ചു മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ച ഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

ഇന്നലെ ആറരക്ക് രണ്ടു ഷട്ടറുകളും എട്ടു മണിക്ക് മൂന്നെണ്ണവും ഉയർത്തി. എന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ പന്ത്രണ്ട് മണിക്ക് രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഇപ്പോൾ ആറു ഷട്ടറുകൾ അറുപത് സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. അധിക ജലം ഒഴുകി എത്തിയതിനെ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button