NationalNews

ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

ചെന്നൈ: താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെങ്കൽപേട്ട് ജില്ലയിൽ നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് സ്റ്റാലിൻ എത്തിയത്. യുവതിയെ അന്നദാനത്തിൽനിന്ന് ഇറക്കിവിട്ട പ്രശ്നം ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദേശത്തെ ജനങ്ങൾക്ക് പട്ടയവും റേഷൻ കാർഡും ജാതി സർട്ടിഫിക്കറ്റും സ്റ്റാലിൻ വിതരണം ചെയ്തു.

രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. നരിക്കുറവർക്ക് പന്തിയിൽ ഇരിക്കാൻ പറ്റില്ലെന്നായിരുന്നു ക്ഷേത്രത്തിലുള്ളവരുടെ ന്യായീകരണം. ഇതിൽപ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങൾ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖർ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ, ഇരുള സമുദായ അംഗങ്ങളേയും കൂട്ടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത്.

അടിച്ചമർത്തപ്പെട്ട വിവേചനം നേരിട്ട ജനങ്ങളെ ചേർത്തുപിടിച്ച സ്റ്റാലിൻ പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. 81 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി, 21 പേർക്ക് തിരിച്ചറിയിൽ കാർഡ്, ഇരുള വിഭാഗത്തിലെ 88 പേർക്ക് ജാതി സർട്ടിഫിക്കറ്റ്, വീട്, സ്കൂളിൽ ക്ലാസ് മുറികൾ, അംഗനവാടി എന്നിവ നിർമിക്കാനുള്ള തുക എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ ജൻമത്തിൽ നടക്കുമെന്ന് സ്വപ്നം പോലും കാണാത്തത് നടന്നുവെന്ന് മഹാബലിപുരത്തെ ആദിവാസി ജനത വേദിയിൽ വിളിച്ചുപറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button