‘ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാനുള്ള കഴിവ് ലഭിച്ചത് പ്രധാനമന്ത്രിയില്‍ നിന്ന്’; പരിഹസിച്ച് സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത്. ഒന്നിനോടും പ്രതികരിക്കാതെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാനുളള കഴിവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് സ്‌ററാലിന്‍ പരിഹസിച്ചു. ‘ഉങ്കളില്‍ ഒരുവന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ നിന്ന് സര്‍ക്കാരിന് മാറി നില്‍ക്കാനാവില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ ന്യായമാണ്. ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടെ നയം ഞെട്ടിപ്പിക്കുന്നതാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിനോടൊന്നും പ്രതികരിക്കാനോ മറുപടി പറയാനോ മോദി ഇതുവരെ ശ്രമിച്ചിട്ടില്ല. ബിബിസി ഡോക്യുമെന്ററി, അദാനി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളാണ് തന്റെ കവചമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ഇ ഡി കേസുകളാല്‍ ഏകീകരിച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏത് രീതിയിലാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് എന്നതില്‍ മോദിയുടെ കുറ്റസമ്മതമാണ് ഈ വാക്കുകളെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News