ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. നീറ്റ് വിരുദ്ധ ബില്ലിനെ ചൊല്ലിയായിരുന്നു ആര്‍ എന്‍ രവിക്കെതിരെ സ്റ്റാലിന്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനം ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ചോദിക്കുകയല്ല എന്നും ഒരു പോസ്റ്റ്മാനെ പോലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാനാണ് പറയുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി എം കെ ഭരണകാലത്ത് രണ്ട് തവണ നിയമസഭയില്‍ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും തമിഴ്നാടിനെ ദേശീയ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിന്റെ (നീറ്റ്) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡര്‍ കഴകം സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ വിഷയത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും നീറ്റ് ഇല്ലാതാക്കാനുള്ള തന്റെ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ബില്ലിന് ഗവര്‍ണറോട് അനുമതി ചോദിക്കുന്നില്ലെന്നും ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നത് ബില്‍ രാഷ്ട്രപതിക്ക് അയക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘തപാല്‍ വകുപ്പിന്റെ ജോലി പോലും ചെയ്യാന്‍ അദ്ദേഹം വിസമ്മതിക്കുന്നത് ഗവര്‍ണറുടെ സ്ഥാനത്തിന് യോജിച്ചതല്ല’. ഒരു ‘നോമിനേറ്റഡ് ഗവര്‍ണര്‍ക്ക്’ എങ്ങനെയാണ് ഒരു ബില്‍ തിരികെ നല്‍കാനോ തടയാനോ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെക്കാള്‍ വലുതാണോ ഗവര്‍ണര്‍ എന്നും സ്റ്റാലിന്‍ ചോദിച്ചു. നിങ്ങള്‍ ഒരു വലിയ സാമ്രാജ്യം നടത്തുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ,’ അദ്ദേഹം ചോദിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്നും അങ്ങനെ ചെയ്താല്‍ സംസ്ഥാനങ്ങള്‍ നിശബ്ദത പാലിക്കുമോ എന്നും സ്റ്റാലിന്‍ ചോദിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസം കുറച്ചുപേര്‍ക്ക് മാത്രമായി ഒതുക്കാനുള്ള ശ്രമമാണ് നീറ്റ് നടത്തുന്നതെന്നും ഇത് ആധുനിക വിജ്ഞാനത്തിലെ തൊട്ടുകൂടായ്മയാണെന്നും ഡി എം കെ ഇതിനെതിരെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് നിയമഭേദഗതി ബില്‍ രാഷ്ട്രപതിയ്ക്ക് അയ്ക്കാതെ ഗവര്‍ണര്‍ പിടിച്ചു വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയത്.
ഗവര്‍ണര്‍ ആര്‍ എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുള്ള നിയമഭേദഗതി സ്റ്റാലിന്‍ പാസാക്കിയത്. വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗവര്‍ണര്‍ ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സേര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്ന് പേരുകളില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലറായി സര്‍ക്കാര്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരായ ബി ജെ പി വിമര്‍ശനത്തെ സ്റ്റാലിന്‍ നേരിട്ടത്. ഇതേരീതി തന്നെയാണ് തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും പിന്തുടരുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരും കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ടായിരുന്നു.