KeralaNews

അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിലേക്ക് കടന്നു; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

കമ്പം: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കാട് കയറിയെങ്കിലും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.

ഞായറാഴ്ച അതിരാവിലെ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനപാലകർ ശ്രമം തുടങ്ങിയിരുന്നു. കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ മാറി സുരുളിപെട്ടിയിൽ ആയിരുന്നു അരിക്കൊമ്പൻ. പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്കു പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു. പല സമയത്തും സിഗ്നലുകൾ മാത്രമാണ് വനംവകുപ്പിന് ലഭിച്ചത്.

ഇടയ്ക്ക് സിഗ്നലുകൾ നഷ്ടമാവുകയും ചെയ്തു. ദൗത്യസംഘത്തിന് ഇതു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കാടിനുള്ളിൽ ഏറെ സമയത്തെ നിരീക്ഷണത്തിനൊടുവിലാണ് കുത്തനാച്ചിയിൽ നിന്നും മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് അരിക്കൊമ്പൻ കടന്നതായി വനപാലകർ മനസ്സിലാക്കിയത്. തുടർന്ന് തിരികെ ജനവാസമേഖലയിൽ ഇറങ്ങുംവരെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. 

ശനിയാഴ്ച മുതൽ വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാത്തതും കമ്പത്തെ കടുത്തചൂടും പരിഗണിച്ച് അരിക്കൊമ്പൻ ഉടനെ ജനവാസ മേഖലയിലേക്ക് മടങ്ങി വരാൻ ഇടയില്ലെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ക്ഷീണിതനായതും മറ്റൊരു ഘടകമാണ്. തിരികെ എത്തിയാൽ മയക്കുവെടി വയ്ക്കാൻ 5 ഡോക്ടർമാർ അടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു.

ദൗത്യം പൂർണമായും അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ കമ്പത്ത് നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല. ആനിറങ്ങാൻ സാധ്യതയുള്ള മേഖലകളിൽ പൊലീസ് സാന്നിധ്യം തുടരുകയാണ്. ആനയെ വൻതോതിൽ പ്രകോപിപ്പിച്ചതും, തമ്പടിച്ച വാഴത്തോപ്പിൽ തീയിട്ടതുമാണ് ആന അക്രമസ്വഭാവം കാണിക്കുന്നതിന് ഇടയാക്കിയതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button