ന്യൂഡൽഹി: മുല്ലപ്പെരിയാറിലേ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മരം മുറിക്കാൻ നൽകിയ അനുമതി പിൻവലിച്ച കേരളത്തിന്റെ നടപടി കോടതി അലക്ഷ്യമാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വള്ളക്കടവ് – മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താൻ കേരളത്തിനോട് നിർദേശിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം 2021 ജൂൺ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് 15 മരങ്ങൾ മുറിക്കാൻ തീരുമാനമായതെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിൽ നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും തമിഴ്നാട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. മരം മുറിക്ക് അനുമതി നൽകിയ നവംബർ ആറിലെ ഉത്തരവ് റദ്ദാക്കിയത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളും തമിഴ്നാട് സർക്കാർ കൈമാറിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണകെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾ കേരളം തടസ്സപ്പെടുത്തുന്നു എന്ന് തമിഴ്നാട് ആരോപിക്കുന്നു. 2014 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ കേരളം തയ്യാറാകുന്നില്ല. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കഴിഞ്ഞ 16 വർഷമായി കേരളം തടസ്സപ്പെടുത്തുന്നു. പ്രധാന അണകെട്ട് ശക്തിപ്പെടുത്തുന്നതിന് സാധന സാമഗ്രികൾ കൊണ്ടുപോകുന്നിത് വള്ളക്കടവ് – മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാപിനി കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് 2015-ൽ മേൽനോട്ട സമിതി തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഉടൻ നടപ്പിലാക്കാൻ കേരളത്തോട് നിർദേശിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള നിയമസഭ പാസ്സാക്കിയ ഡാം സുരക്ഷാ നിയമം ചോദ്യംചെയ്ത് 2006-ൽ ഫയൽ ചെയ്ത സ്യൂട്ടിലാണ് തമിഴ് സർക്കാർ പുതിയ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്