ദേവസ്വം മന്ത്രിയെ തിരിച്ചറിഞ്ഞില്ല; വിവിഐപി ദര്‍ശനത്തിന് ചോദിച്ചത് 4000! കാശില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഗൂഗിള്‍ പേ’ ചെയ്താല്‍ മതിയെന്നും പൂജാരി; ക്ഷേത്രത്തില്‍ കൈക്കൂലി വാങ്ങിയ പൂജാരിക്ക് സസ്‌പെഷന്‍ഷന്‍

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശില്‍ നിന്ന് പൂജാരി അയ്യപ്പന്‍ അയ്യര്‍ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പൂജാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് ക്ഷേത്രം ജോയിന്റ് കമ്മീഷണര്‍ പൂജാരിയെ കര്‍മ്മങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്നാട് ദേവസ്വം മന്ത്രിയായ മുപ്പത്തിയൊന്നുകാരന്‍ എസ്. രമേശ് മാസ്‌ക് ധരിച്ചാണ് സാധാരണക്കാരനായി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ദര്‍ശനം വേഗത്തിലാക്കി നല്‍കാമെന്ന് പറഞ്ഞ് പൂജാരി അയ്യപ്പന്‍ അയ്യര്‍ മന്ത്രിയോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈവശം പണമില്ലെന്ന് മന്ത്രി പറഞ്ഞപ്പോള്‍ തുക ഗൂഗിള്‍ പേ വഴി അയച്ചുതരാന്‍ പൂജാരി ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാനത്തെ ദേവസ്വം മന്ത്രിയാണെന്ന് പൂജാരിയോ അവിടെയുണ്ടായിരുന്ന മറ്റുള്ളവരോ തിരിച്ചറിഞ്ഞിരുന്നില്ല.

ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റും മന്ത്രിയെ തിരിച്ചറിഞ്ഞത്. ഇതോടെ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ പുരോഹിതര്‍ കൂട്ടത്തോടെ എത്തി മന്ത്രിക്ക് മാപ്പ് എഴുതി നല്‍കുകയായിരുന്നു. ക്ഷേത്രങ്ങളില്‍ ഒരു തരത്തിലുള്ള കൈക്കൂലിയും അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി പൂജാരിമാര്‍ക്ക് കര്‍ശന താക്കീതും നല്‍കി.

എന്നാല്‍, അഴിമതി നടത്തിയ പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി. പൂജാരിമാര്‍ അഴിമതി കാണിച്ചാല്‍ അവര്‍ക്ക് തമിഴ്നാട്ടില്‍ ശിക്ഷയില്ലേ എന്ന് ചോദിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഡിഎംകെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. ഒരു ബ്രാഹ്‌മണനെ ദേവസ്വം മന്ത്രിയാക്കിയതിനെതിരെ ഡിഎംകെ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്ന സാഹചര്യത്തില്‍ ഈ സംഭവം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

വിവാദങ്ങള്‍ കടുത്തതോടെ വിശദീകരണവുമായി മന്ത്രി എസ്. രമേശ് തന്നെ നേരിട്ട് രംഗത്തെത്തി. പുരോഹിതരില്‍ നിന്ന് താന്‍ വാങ്ങിയത് മാപ്പപേക്ഷയല്ലെന്നും, മറിച്ച് ചട്ടലംഘനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണമാണെന്നും മന്ത്രി വ്യക്തമാക്കി. അച്ചടക്ക നടപടികള്‍ക്ക് കൃത്യമായ നിയമസംവിധാനങ്ങള്‍ ഉണ്ടെന്നും അതനുസരിച്ചുള്ള കര്‍ശന നടപടികള്‍ പൂജാരിക്കെതിരെ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ഇതിന് തൊട്ടുപിന്നാലെയാണ് പൂജാരി അയ്യപ്പന്‍ അയ്യരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. കൈക്കൂലി വാങ്ങാന്‍ പൂജാരിക്ക് ഒത്താശ ചെയ്തുകൊടുത്ത ക്ഷേത്രത്തിലെ രണ്ട് സുരക്ഷാ ജീവനക്കാരെയും അതോടൊപ്പം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്തരില്‍ നിന്ന് തലമുണ്ഡനം ചെയ്യുന്നതിനായി അനധികൃതമായി പണം ഈടാക്കിയ മറ്റ് രണ്ട് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

A priest at the famous Tiruchendur Murugan Temple in Tamil Nadu, Ayyappan Iyer, was suspended after he unknowingly demanded and accepted a bribe of Rs 4,000 from Devaswom Minister S. Ramesh for arranging a special VIP darshan. When the minister, who visited the temple as a commoner, stated he didn’t have cash, the priest asked him to Google Pay the amount. Following a major political controversy over the digital transaction evidence, the Temple Joint Commissioner officially suspended the priest from all temple rituals pending inquiry.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News