വണ്ടിപ്പെരിയാർ:പെരിയാർ തീരദേശവാസികളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ തുടർച്ചയായി മൂന്നാംദിവസവും പുലർച്ചെ പെരിയാറിലേക്ക് വെള്ളം ക്രമാതീതമായി ഒഴുക്കി തമിഴ്നാട്.
ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി ഉയർത്തിയത് 10 സ്പിൽവേ ഷട്ടർ. പെരിയാർ നദിയോട് താഴ്ന്നുകിടക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധവും പോലീസ്സ്റ്റേഷൻ മാർച്ചും നടത്തി.
പെരിയാറിന്റെ തീരപ്രദേശമായ വള്ളക്കടവ്, കറുപ്പുപാലം, വികാസ്നഗർ ഭാഗങ്ങളിലുള്ളവർ നല്ല ഉറക്കത്തിലായിരിക്കെയാണ് പുലർച്ചെ വീടിനുള്ളിൽ വെള്ളം കയറിയത്. അപ്പോൾമാത്രമാണ് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് നാട്ടുകാർ അറിയുന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എടുക്കാനുള്ള സമയം കിട്ടുന്നതിനുമുമ്പ് വെള്ളം വീടുകളിൽ ഇരച്ചുകയറിയതോടെ പലരും പ്രാണരക്ഷാർഥം കുട്ടികളെയും പ്രായമായവരെയും എടുത്ത് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു.
പലരുടെയും വീട്ടുപകരണങ്ങൾ, ഗ്യാസ് കുറ്റികൾ, മോട്ടോറുകൾ തുടങ്ങിയവ ഒഴുകിപ്പോകുകയും കൃഷി നശിക്കുകയുംചെയ്തു. പത്ത് ഷട്ടർ 60 സെന്റിമീറ്റർ ഉയർത്തിയപ്പോൾ സെക്കൻഡിൽ 8017.40 ഘനയടി വെള്ളം പെരിയാർ നദിയിലൂടെ ഒഴുകിയെത്തിയാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയത്.
ഷട്ടറുകൾ വ്യാഴാഴ്ച രണ്ടരയ്ക്ക് തമിഴ്നാട് തുറന്നശേഷം വണ്ടിപ്പെരിയാർ പഞ്ചായത്ത് നേതൃത്വത്തിൽ, ആളുകൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അഞ്ചുമണിയോടെ എത്തിയ വാഹനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞ് തിരിച്ചയച്ചു. പാതിരാത്രിയിൽ ഡാം തുറന്നുവിട്ടതുകൂടാതെ ജനങ്ങളെ ഭീതിയിലാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിലേർപ്പെടുത്തിയ അറിയിപ്പുവാഹനം തടഞ്ഞ് തിരിച്ചയച്ചത്. തീരദേശവാസികളുടെ സ്ഥിതിഗതികൾ തിരക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുമായി നാട്ടുകാർ വാക്കേറ്റത്തിലേർപ്പെട്ടു. സംഘർഷസാധ്യത നിലനിന്നിരുന്ന പ്രദേശത്ത് ഏറെ ശ്രമപ്പെട്ടാണ് സ്ഥിതിഗതികൾ സാധാരണഗതിയിലാക്കിയത്. ജനങ്ങളുടെ ദുരിതം കണ്ടിട്ടും വേണ്ടരീതിയിലുള്ള റിപ്പോർട്ട് ഉന്നതാധികാരികൾക്ക് ഉദ്യോഗസ്ഥർ നൽകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വ്യാഴാഴ്ച രാവിലെമുതൽ മാനം തെളിഞ്ഞുനിന്നിരുന്ന വണ്ടിപ്പെരിയാർ മേഖലയിൽ ഉച്ചയ്ക്കുശേഷം മാനമിരുണ്ട് മഴ പെയ്തുതുടങ്ങുകയായിരുന്നു. തുറന്ന ഷട്ടറുകൾ വ്യാഴാഴ്ച രാവിലെതന്നെ തമിഴ്നാട് അടച്ചതിനാൽ വെള്ളം വീടുകളിൽനിന്ന് ഇറങ്ങിയിരുന്നു. എന്നാൽ, വൈകീട്ടോടെ ഏഴ് ഷട്ടർ തുറന്ന് 2,944 ഘനയടി വെള്ളം ഒഴുക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ, മണിക്കൂറുകളായി മഴ തോരാതെ പെയ്യുന്നതിനാൽ ഒരുപോള കണ്ണടയ്ക്കാതെ രാത്രിമുഴുവൻ ഇരിക്കേണ്ട ഗതികേടിലാണ് പെരിയാർ തീരവാസികൾ.
10 വർഷത്തിനുശേഷം മുല്ലപ്പെരിയാർ വിഷയം ജനങ്ങൾക്കിടയിൽ വീണ്ടും വലിയ ചർച്ചകൾക്കും പ്രതിഷേധപരിപാടികൾക്കും വഴിവെച്ചിരിക്കുകയാണ്. ജീവൻ സംരക്ഷിക്കാൻ കൃത്യമായ മുന്നറിയിപ്പ് നൽകാൻ അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് വണ്ടിപ്പെരിയാർ പൗരസമിതി കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയപാതയും കക്കിക്കവലയും 15 മിനിറ്റ് ഉപരോധിച്ചു.
തുടർന്ന് വണ്ടിപ്പെരിയാർ പോലീസ്സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി. പൗരസമിതിയോടൊപ്പം വിവിധ രാഷ്ട്രീയകക്ഷികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നൗഷാദ് വാരിക്കാട്, ടി.എച്ച്.അബ്ദുൾ സമദ്, ആന്റണി ആലഞ്ചേരി, പി.എൻ.സെബാസ്റ്റ്യൻ, ഷാജി കുരിശുംമൂട്, കെ.എ.സിദ്ധീഖ്, ടി.രാജേന്ദ്രൻ, കെ.എ.റഹ്നാസ്, ബാബു ആന്റപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി